തിരുവനന്തപുരം ശ്രീകാര്യം പോങ്ങുമ്മൂട് സ്കൂൾ വിട്ട് മടങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനിയെ വളർത്തു നായ്ക്കൾ ആക്രമിച്ചു. വേട്ടയ്ക്ക് ഉപയോഗിക്കുന്ന ബെൽജിയൻ മലിനോസ് നായ്ക്കളാണ് കുട്ടിയെ കടിച്ച് കീറിയത്
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം പോങ്ങുമ്മൂട് സ്കൂൾ വിട്ട് മടങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനിയെ വളർത്തു നായ്ക്കൾ ആക്രമിച്ചു. വേട്ടയ്ക്ക് ഉപയോഗിക്കുന്ന ബെൽജിയൻ മലിനോസ് നായ്ക്കളാണ് കുട്ടിയെ കടിച്ച് കീറിയത്. അലക്ഷ്യമായി നായ്ക്കളെ അഴിച്ചുവിട്ട ഉടമക്കെതിരെ കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൺവിള സ്വദേശികളായ മനോജ്, ആശ ദമ്പതികളുടെ മകൾ അന്ന മരിയയെയാണ് നായ്ക്കൾ ക്രൂരമായി ആക്രമിച്ചത്. ഇന്നലെ ഉച്ചയോടെ സ്കൂൾ കഴിഞ്ഞ് കൂട്ടുകാരിക്കൊപ്പം മടങ്ങുകയായിരുന്നു കുട്ടി.
സ്കൂളിന് സമീപത്തെ വീട്ടിൽ നിന്ന് പാഞ്ഞടുത്ത നായ്ക്കളാണ് ആക്രമിച്ചത്. വിദ്യാർത്ഥികളുടെ നിലവിളി കേട്ട് നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. നാട്ടുകാർ അടിച്ചിട്ടും നായ്ക്കൾ ഏറെ നേരം ആക്രമിച്ചു. വേട്ടയ്ക്ക് ഉപയോഗിക്കുന്ന നായ്ക്കളാണ് ആക്രമിച്ചത്. പോങ്ങുംമൂട് ബാപുജി നഗറിൽ കബീറിന്‍റെ വീട്ടിൽ വളർത്തുന്ന നായ്ക്കളാണ് ഇവ. വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു നായ്ക്കൾ. കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ നായ്ക്കളുടെ പരിശീലകനും പിന്നാലെ എത്തിയിരുന്നു. അലക്ഷ്യമായി നായ്ക്കളെ കൈകാര്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.



