ദില്ലി: അക്രമത്തിന് പ്രേരിപ്പിക്കുന്ന വിധത്തിലുള്ളതും ദേശവിരുദ്ധ മനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ വാർത്തകൾ നൽകരുതെന്ന് ആവശ്യപ്പെട്ട് വാർത്താ പ്രക്ഷേപണ മന്ത്രാലയം എല്ലാ സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനലുകൾക്കും നിർദ്ദേശം നൽകി. ഇത്തരം വാർത്തകളിൽ ജാ​ഗ്രതയുള്ളവരായിരിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. വടക്കു കിഴക്കൻ ദില്ലിയിൽ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം. പൗരത്വ നിയമ ഭേദ​ഗതിയെച്ചൊല്ലിയുള്ള വർഗീയ സംഘട്ടനങ്ങളിൽ മരണസംഖ്യ 16 ആയി.

“എല്ലാ ടിവി ചാനലുകളും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനോ പ്രേരിപ്പിക്കുന്നതിനോ സാധ്യതയുള്ള ഉള്ളടക്കത്തെക്കുറിച്ച് പ്രത്യേകം ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു. ക്രമസമാധാന പരിപാലനത്തിൽ കോട്ടം തട്ടുന്ന വിധത്തിലുളളതും ദേശവിരുദ്ധ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഉള്ളടക്കം ഉണ്ടോ എന്നും പരിശോധിക്കേണ്ടതാവശ്യമാണ്.'' നിർദ്ദേശത്തിൽ പറയുന്നു. 

കൂടാതെ മതപരവും സാമുദായികപരവുമായ ആക്രമണങ്ങളെക്കുറിച്ചുള്ള വിഷ്വലുകളുടെയും ചിത്രങ്ങളുടെയും കാര്യത്തിൽ ജാ​ഗ്രത പാലിക്കണം. അപകീർത്തികരമായതും കരുതിക്കൂട്ടിയുള്ളതും തെറ്റിദ്ധാരണ പരത്തുന്നതും അർദ്ധസത്യങ്ങൾ ഉൾപ്പെടുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കാൻ‌ പാടില്ല. 1995 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (റെഗുലേഷൻ) ആക്റ്റ് ലംഘിക്കുന്ന വാർത്തകളൊന്നും സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ചാനലുകളോട് ആവശ്യപ്പെട്ടു. എല്ലാ സ്വകാര്യ ചാനലുകളും ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദ്ദേശത്തിൽ അഭ്യർത്ഥിക്കുന്നു.