ഇൻഡോർ: മുസ്ലിം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് പോസ്റ്റർ പതിച്ച് മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെഒരു ഗ്രാമം. 'മുസ്ലിം വ്യാപാരിയോം കാ ​ഗാവോം മേം പ്രവേശ് നിഷേധ് ഹേ' (മുസ്ലിം വ്യാപാരികള്‍ക്ക് ഗ്രാമത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുന്നു) എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. ദേബാൽപൂർ താലൂക്കിലെ പേമാല്‍പുര്‍ പ്രദേശവാസികളുടെ പേരിലുള്ള പോസ്റ്ററാണ് പതിച്ചിരിക്കുന്നത്. പോസ്റ്റർ എടുത്തുമാറ്റിയെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഉടൻ തന്നെ പോസ്റ്റർ എടുത്തുമാറ്റിയതായി ഇൻഡോർ ‍‍ഡെപ്യൂട്ടി ജനറൽ ഓഫ് പൊലീസ് ഹരിനാരായണാചാരി മിശ്ര അറിയിച്ചതായി ഇൻഡ്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 

പോസ്റ്ററിന് എതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് രംഗത്തെത്തി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പൊലീസിനും എതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. 'ഈ നടപടി പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തിന് വിരുദ്ധമല്ലേ? ഈ പ്രവർത്തി ശിക്ഷാർഹമായ കുറ്റമല്ലേ? എന്റെ ചോദ്യങ്ങള്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോടും മധ്യപ്രദേശ് പൊലീസിനോടുമാണ്. സമൂഹത്തില്‍ ഇത്തരം വിവേചനം ഒരിക്കലും പാടില്ല' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇങ്ങനെയുള്ള വിഭാഗീയതകള്‍ ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.