ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു പി എ അധ്യക്ഷ സോണിയ ഗാന്ധി. മോദി അജയ്യനല്ലെന്ന് പറഞ്ഞ സോണിയ 2004 ലെ കോണ്‍ഗ്രസിന്‍റെ വിജയം മറക്കരുതെന്നും ചൂണ്ടികാട്ടി.

2004 ലെ ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് വാജ്പേയിയെ പലരും അജയ്യനായ നേതാവായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തിലേറുകയായിരുന്നെന്ന് സോണിയ ഓര്‍മ്മിപ്പിച്ചു. റായ്ബറേലി ലോക് സഭാ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

പത്രിക സമര്‍പ്പണത്തിനെത്തിയ സോണിയയെ അനുഗമിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മോദിക്കെതിരെ വിമര്‍ശനമുന്നയിച്ചു. 'രാജ്യത്തെ ജനങ്ങളേക്കാള്‍ വലിയവരായി കണക്കാക്കുന്ന ചിലരുണ്ട് ഇവിടെ. കഴിഞ്ഞ 5 വര്‍ഷം രാജ്യം ഭരിച്ച നരേന്ദ്ര മോദി ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല' വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം അത് വ്യക്തമാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നാലാം തവണയാണ് സോണിയ റായ്ബറേലിയില്‍ ജനവിധി തേടുന്നത്. കോണ്‍ഗ്രസ് നിന്നും ബിജെപിയിലെത്തിയ  ദിനേശ് പ്രതാപാണ് സോണിയയുടെ എതിരാളി.