കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാപ്പകൽ വ്യത്യാസമില്ലാതെ കഷ്ടപ്പെടുകയാണ് ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും. കുടുംബവും വിശേഷ ദിവസങ്ങളുമൊന്നുമില്ലാതെ മറ്റുള്ളവരുടെ ജീവന് വേണ്ടി പോരാടുന്ന എത്രയോ പേരാണ് ഇത്തരത്തിൽ ആശുപത്രികളിൽ രോഗികളെ പരിചരിച്ച് കഴിയുന്നത്. അത്തരത്തിൽ ഒരു ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ജാര്‍ഖണ്ഡ് സ്വദേശികളായ ഡോക്ടര്‍ ദമ്പതിമാരുടെ ട്വീറ്റാണ് ഇത്. വിവാഹ വാർഷിക ദിനത്തിൽ ഇരുവരും  ആശുപത്രിയിൽ കൊറോണ രോഗികൾക്കൊപ്പമായിരുന്നു. ഡോ. റിതികയുടെയും ഭര്‍ത്താവ് ഡോ. നിഷാന്ത് പഥക്കിന്‍റെയും വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച. നിലവിലെ സാഹചര്യത്തിൽ അവധി എടുക്കാതെ നിരന്തരം ജോലി ചെയ്ത് കൊണ്ടിരിക്കുകയാണ് ഇവരും. വിവാഹ വാര്‍ഷികത്തെക്കുറിച്ച് നിഷാന്ത് തന്നെയാണ് ട്വീറ്റ് ചെയ്തതിരിക്കുന്നത്.

'മുഖ്യമന്ത്രി ഹേമന്ദ് സോറന്റെയും ആരോഗ്യമന്ത്രി ബന്നാ ഗുപ്തയുടെയും നേതൃത്വത്തില്‍ ഞങ്ങൾ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുകയാണ്. ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷിക ദിനം കൂടിയാണ്'- എന്ന അടിക്കുറിപ്പോടെയാണ് ഇരുവരുടെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. രോഗികളെ പരിചരിക്കുന്ന വസ്ത്രങ്ങളും മാസ്കും ധരിച്ച് നിൽക്കുന്ന ദമ്പതികളെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ട്വീറ്റ് വെറലായി. നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. പിന്നാലെ മുഖ്യമന്ത്രി ഹേമന്ദ് സോറയും ആശംസകളുമായി രംഗത്തെത്തി.

'നിങ്ങളെപ്പോലെ ആത്മാര്‍ത്ഥതയോടെ കൊറോണ വൈറസിനെതിരെ പൊരുതുന്ന എല്ലാവരും രോഗികള്‍ക്ക് ധൈര്യവും ജീവിതവുമാണ് പകരുന്നത്. അത്തരത്തിലുള്ള എല്ലാ പോരാളികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു' എന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.