ബംഗളൂരുവിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 5.3 കോടി രൂപ തട്ടിയെടുത്ത കേസിൽ ഷംഷാദ് ബീഗം എന്ന യുവതിക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. കെപിസിസി മഹിളാ മോർച്ച നേതാവെന്ന് അവകാശപ്പെട്ട് വ്യാജ രേഖകൾ കാണിച്ച് ഇവർ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുകയായിരുന്നു. 

ബംഗളൂരു: സർക്കാർ ജോലികൾ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് 5.3 കോടി രൂപ തട്ടിയെടുത്ത കേസിൽ യുവതിക്കെതിരെ കേസ്. ഷംഷാദ് ബീഗം എന്ന യുവതിക്കെതിരെയും ഇവരുടെ സഹായികൾക്കെതിരെയുമാണ് ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് കേസെടുത്തത്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) മഹിളാ മോർച്ചയുടെ ജനറൽ സെക്രട്ടറിയാണെന്ന് അവകാശപ്പെട്ടായിരുന്നു ഷംഷാദ് ബീഗം തട്ടിപ്പ് നടത്തിയത്. വിജയപുര സ്വദേശിയായ സംഗമേഷ് രാച്ചയ്യ നൽകിയ പരാതിയിലാണ് നടപടി. ഷംഷാദിന്‍റെ പിതാവ് എം എം മൻസൂർ അഹമ്മദും തട്ടിപ്പിൽ പങ്കാളിയാണെന്ന് പൊലീസ് കണ്ടെത്തി.

ബംഗളൂരുവിലെ ഹോട്ടലുകളിൽ വെച്ച് ഉദ്യോഗാർത്ഥികളെ കണ്ടുമുട്ടിയിരുന്ന ഇവർ, തങ്ങൾക്ക് പ്രമുഖ രാഷ്ട്രീയ നേതാക്കളുമായും മന്ത്രിമാരുമായും അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിക്കാനായി അവർക്കൊപ്പമുള്ള ചിത്രങ്ങളും വ്യാജ തിരിച്ചറിയൽ രേഖകളും കാണിച്ചാണ് വിശ്വാസം ആർജ്ജിച്ചിരുന്നത്. വിവിധ സർക്കാർ വകുപ്പുകളിൽ 'ഗ്രൂപ്പ് ഡി' തസ്തികകളിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം.

തട്ടിപ്പിന്റെ രീതികൾ

റെയിൽവേയിൽ ടിക്കറ്റ് കളക്ടർ, ക്ലർക്ക് തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് 1.6 കോടി രൂപയോളം ഏഴ് പേരിൽ നിന്ന് തട്ടിയെടുത്തു. ഇവർക്ക് വ്യാജ അപ്പോയിന്റ്‌മെന്‍റ് ലെറ്ററുകൾ ഇമെയിൽ വഴി അയച്ചുനൽകുകയും ചെയ്തു. സാധാരണ പരീക്ഷയ്ക്ക് ശേഷം ഇവർക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് വിശ്വസിപ്പിച്ച് വ്യാജ അഡ്മിറ്റ് കാർഡുകൾ നൽകി. കൊൽക്കത്തയിലും മുംബൈയിലും മൂന്ന് മാസത്തെ പരിശീലനം നൽകുമെന്നും ഇവരെ വിശ്വസിപ്പിച്ചു. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥനെന്നും കർണാടക എക്സാമിനേഷൻ അതോറിറ്റിയിലെ ജീവനക്കാരനെന്നും പരിചയപ്പെടുത്തി മറ്റു ചിലരെയും ഇവർ തട്ടിപ്പിനായി ഉപയോഗിച്ചു.

ജംഖണ്ഡി ആർടിഒ ഇൻസ്‌പെക്ടറായിരുന്ന ഷൺമുഖപ്പ തീർത്ഥയിൽ നിന്ന് മാത്രം 68 ലക്ഷം രൂപ ഇവർ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. സംഗമേഷ് വഴി മാത്രം 14 ഉദ്യോഗാർത്ഥികളാണ് ഇവരുടെ വലയിൽ വീണത്. ജലസേചനം, ആരോഗ്യം, സാമൂഹികക്ഷേമം തുടങ്ങിയ വകുപ്പുകളിൽ ജോലി വാഗ്ദാനം ചെയ്ത് ഇവരിൽ നിന്ന് 56 ലക്ഷം രൂപ വാങ്ങി. സംഗമേഷിന് എയർപോർട്ട് ഉപദേശക സമിതി അംഗമാണെന്ന് കാണിക്കുന്ന വ്യാജ ഐഡി കാർഡ് നൽകി അഞ്ച് ലക്ഷം രൂപയും ഷംഷാദ് തട്ടിയെടുത്തു. വഞ്ചന, രേഖകൾ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഒളിവിലുള്ള പ്രതികൾക്കായി സിസിബി അന്വേഷണം ഊർജ്ജിതമാക്കി.