സിക്കിം: കൊവിഡ് 19 ബാധ പ്രതിരോധത്തിനായി മലേറിയക്ക് നൽകുന്ന മരുന്ന് കുത്തിവച്ച ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു. ആസ്സാമിലെ ​ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് മരിച്ചത്. മലേറിയയ്ക്ക് നൽകുന്ന ഹൈ‍ഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്നാണ് ഇദ്ദേഹം കുത്തിവച്ചത്. ആശുപത്രിയിലെ മുതിർന്ന അനസ്തെറ്റിസ്റ്റ് ആയ ഡോക്ടർ ഉത്പാൽജിത് ബർമാൻ ആണ് സ്വന്തം ഇഷ്ടപ്രകാരം ഈ മരുന്ന് ഉപയോ​ഗിച്ചത്. അതേ സമയം മരുന്നാണോ ഹൃദയാഘാതത്തിന് കാരണമെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ മരുന്ന് ഉപയോ​ഗിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടു എന്ന് അദ്ദേഹം വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നതായി സഹപ്രവർത്തകർ വെളിപ്പെടുത്തി. 

കൊവിഡ്19 രോ​ഗികളുമായി അടുത്തിടപഴകുന്ന ഡോക്ടർമാർ‌, ആരോ​ഗ്യ പ്രവർത്തകർ, കുടുംബാം​ഗങ്ങൾ എന്നിവർക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോ​ഗിക്കാൻ ഇന്ത്യൻ കൗൺസിൽ മെഡിക്കൽ റിസർച്ച് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നു. അതേ സമയം ആസ്സാമിൽ ഇതുവരെ കൊവിഡ് 19 കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ പ്രതിരോധപ്രവർത്തനങ്ങളിൽ ഡോക്ടർ ബർമാൻ പങ്കാളിയായിരുന്നില്ല. കൊവിഡ് 19 സുഖമാകുന്നതിന് വേണ്ടിയോ സ്വന്തം താത്പര്യപ്രകാരമോ ഹൈഡ്രോക്സ് ക്ലോറോക്വിൻ ഉപയോ​ഗിക്കാൻ‌ പാടില്ല എന്നും ഐസിഎംആർ കർശന മുന്നറിയിപ്പ് നൽകിയിരുന്നു. 

തിങ്കളാഴ്ച വൈകുന്നേരത്തോടെ രാജ്യത്ത് മൊത്തം കൊവിഡ് 19 രോ​ഗബാധിതരുടെ എണ്ണം 1200 കടന്നിരുന്നു. കൊവിഡ് 19 കേസ് ഒരെണ്ണം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട ആറ് സംസ്ഥാനങ്ങളാണുള്ളത്. കൊറോണ വൈറസ് വ്യാപനം  തടയുന്നതിന്റെ ഭാ​ഗമായി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.