റാഞ്ചി: കൊവിഡ് പടര്‍ന്നുപിടിക്കുന്നത് തുടരുന്നതിനിടെ വാര്‍ഡ് ഡ്യൂട്ടിക്കിട്ട ഡോക്ടര്‍ ദമ്പതിമാര്‍ രാജിവച്ചു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭം ജില്ലയിലെ ഡോക്ടര്‍മാരായ അലോക് ടിര്‍ക്കിയും ഭാര്യ സൗമ്യയുമാണ് രാജിവച്ചത്. ഇ മെയില്‍ സംവിധാനത്തിലൂടെയാണ് ഇവര്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. എന്നാല്‍ രാജി പിന്‍വലിച്ച് ഡോക്ടര്‍മാര്‍ തിരിച്ചെത്തിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

ആരോഗ്യ സെക്രട്ടറി ഡോ. നിതിന്‍ മദന്‍ കുല്‍ക്കര്‍ണിയുടെ നിര്‍ദ്ദേശമനുസരിച്ച് വെസ്റ്റ് സിംഗ്ഭം സിവില്‍ സര്‍ജനായ മഞ്ജു ദുബെ ഇരുവരോടും ഉടന്‍ ജോലിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടു. 

''ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശമനുസരിച്ച് 24 മണിക്കൂറിനുള്ളില്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന് ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം എപിഡമിക് ഡിസീസ് ആക്ട് പ്രകാരം കേസ് രജിസ്ടര്‍ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ജോലിക്കെത്തിയില്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പും നല്‍കി'' - ദുബെ പറഞ്ഞു. 

ധുംക മെഡിക്കല്‍ കോളേജില്‍ നിന്ന് രാജിവച്ചതിന് ശേഷം ദിവസങ്ങള്‍ക്ക മുമ്പാണ് ആലോക് സദാര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. മൂന്ന് ദിവസം മുമ്പാണ് കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ഡോ അലോകിനെ ഡ്യൂട്ടിക്കിട്ടത്. 

അതേസമയം ആശുപത്രിയിലെ രാഷ്ട്രീയക്കളിയുടെ ഇരയാണ് താനെന്ന് ഡോ ടിര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഭാര്യയും ഡോക്ടറുമായ സൗമ്യയ്ക്കും തന്റെ സഹോദരിക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇതുകൊണ്ടാണ് രാജി വച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

''നാല് ദിവസം മുമ്പാണ് താന്‍ ആശുപത്രിയില്‍ ജോലി ക്ക് പ്രവേശിച്ചത്. പിറ്റേന്ന് തന്നെ കൊവിഡ് വാര്‍ഡില്‍ ജോലിക്ക് നിര്‍ദ്ദേശിച്ചു. എന്തുകൊണ്ടാണ് മറ്റാരെയും ഐസൊലേഷന്‍ വാര്‍ഡില്‍ പോസ്റ്റ് ചെയ്യാതിരുന്നത്. '' ടിര്‍ക്കി പറഞ്ഞു. 

യാതൊരു വിധ സുരക്ഷയുമില്ലാതെയാണ് ആദ്യദിവസം താന്‍ രോഗികളെ പരിചരിച്ചത്. അവര്‍ക്ക് നല്‍കാന്‍ ആവശ്യമായ മരുന്ന് പോലും ഉണ്ടായിരുന്നില്ലെന്നും ടിര്‍ക്കി കൂട്ടിച്ചേര്‍ത്തു. സ്വയം രക്ഷക്കല്ല താന്‍ രാജിവച്ചതെന്നും കൊവിഡ് കാലത്തിന് ശേഷം താന്‍ രാജിവയ്ക്കുമെന്നും ടിര്‍ക്കി വ്യക്തമാക്കി.