Asianet News MalayalamAsianet News Malayalam

ഭാര്യയ്ക്ക് കൊവിഡ് ലക്ഷണങ്ങള്‍; പരിശോധനയ്ക്ക് അയച്ചത് വീട്ടുജോലിക്കാരിയുടെ സാംപിള്‍; ഡോക്ടർക്കെതിരെ കേസ്

ഫലം പോസിറ്റീവായതിനെ തുടർന്ന് അധികൃതർ ജോലിക്കാരിയുടെ വീട്ടിൽ‌ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. 

Doctor Sends Maid's Sample Instead of wife for covid testing
Author
Madhya Pradesh, First Published Jul 12, 2020, 9:30 AM IST

മധ്യപ്രദേശ്: ഭാര്യയുടേതെന്ന വ്യാജേന വീട്ടുജോലിക്കാരിയുടെ സ്രവം കൊവിഡ് പരിശോധനയ്ക്കായി അയച്ച ഡോക്ടർക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ സിം​ഗ്രൗലിയിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശിയായ ഡോക്ടറും കുടുംബവും കഴിഞ്ഞ മാസം വിവാഹത്തിൽ പങ്കെടുത്തിരുന്നു. സർക്കാർ ഡോക്ടറായ ഇദ്ദേ​ഹം അനുമതിയില്ലാതെയാണ് ലീവെടുത്തത്. പിന്നീട് ഭാര്യയ്ക്ക് കൊവിഡ് രോ​ഗലക്ഷണങ്ങൾ പ്രകടമായി. അതിനെ തുടർന്ന് ഭാര്യയുടേതെന്ന വ്യാജേന വീട്ടുജോലിക്കാരിയുടെ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. 

അനുമതിയില്ലാതെ ലീവെടുത്ത് വിവാഹത്തിൽ പങ്കെടുത്ത കാര്യം അധികൃതരിൽ നിന്ന് മറച്ചുവയ്ക്കാൻ വേണ്ടിയായിരുന്നു ഇപ്രകാരം ചെയ്തത്. ഇദ്ദേഹത്തിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സിം​ഗ്രോലിയിലെ ഖുത്തർ ആരോ​ഗ്യകേന്ദ്രത്തിലെ ഡോക്ടറായ അഭയ് രജ്ഞൻ സിം​ഗിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കിഴക്കൻ യുപിയിലെ ബെല്ലിയയിലാണ് ഇദ്ദേഹം കുടുംബാം​ഗങ്ങൾക്കൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ‌ പോയത്. ജൂൺ 23 ന് പോയ ഇദ്ദേഹം ജൂലൈ 1 ന് തിരികെയെത്തി. 

എന്നാൽ തിരികെയെത്തിയതിന് ശേഷം ക്വാറന്റീനിൽ  കഴിയാൻ കൂട്ടാക്കാതെ ഡ്യൂട്ടി തുടരുകയാണ് ചെയ്തത്. പിന്നീട് ഭാര്യയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായപ്പോഴാണ് വീട്ടുജോലിക്കാരിയുടെ പേരിൽ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചത്. ഫലം പോസിറ്റീവായതിനെ തുടർന്ന് അധികൃതർ ജോലിക്കാരിയുടെ വീട്ടിൽ‌ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ ഡോക്ടറുൾപ്പെടെയുള്ളവർ‌ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. 

പകർച്ചവ്യാധി ദുരന്ത നിവാരണ നിയമപ്രകാരമാണ് ഡോക്ടർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊവിഡ് ചികിത്സ പൂർത്തിയാക്കിയാലുടൻ ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് ബൈധാൻ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോ​ഗസ്ഥൻ അരുൺ പാണ്ഡെ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios