കേസെടുത്തതോടെ ഒളിവില്‍ പോയ ഉദ്യോ​ഗസ്ഥരെ കണ്ടെത്താന്‍ അന്വേഷണ സംഘം ഊർജിതമായ തെരച്ചിൽ ആരംഭിച്ചു.

ദില്ലി: മഹാരാഷ്ട്രയിൽ സബ് ഇൻസ്പെക്ടർക്കെതിരെ ബലാത്സം​ഗ കുറ്റം ആരോപിച്ച് ആത്മഹത്യക്കുറിപ്പെഴുതിയ ശേഷം യുവഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് പൊലീസുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാജ മെഡിക്കൽ റിപ്പോര്‍ട്ടുണ്ടാക്കാൻ ഡോക്ടറെ പൊലീസ് ഉദ്യോ​ഗസ്ഥർ സമ്മര്‍ദ്ദം ചെലുത്തിയെന്ന ബന്ധുക്കളുടെ പരാതിയിലും അന്വേഷണമാരംഭിച്ചിട്ടുണ്ട്. കേസെടുത്തതോടെ ഒളിവില്‍ പോയ ഉദ്യോ​ഗസ്ഥരെ കണ്ടെത്താന്‍ അന്വേഷണ സംഘം ഊർജിതമായ തെരച്ചിൽ ആരംഭിച്ചു.

പൊലീസ് ഉദ്യോ​ഗസ്ഥർ ബലാല്‍സം​ഗം ചെയ്തെന്നും പരാതിപ്പെട്ടിട്ടും നീതി ലഭിച്ചില്ലെന്നും ഇടത് കൈപ്പത്തിയില്‍ ആത്മഹത്യകുറിപ്പെഴുതിയ ശേഷമാണ് മഹാരാഷ്ട്രയില്‍ യുവ ഡോക്ടര്‍ അത്മഹത്യ ചെയ്തത്. സംഭവത്തില്‍ സർക്കാർ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. യുവതി ആരോപിച്ച സബ് ഇന്‍സപക്ടറെ സസ്പെന്‍റ് ചെയ്തിരുന്നു. അതെസമയം ഇത് സര്‍ക്കാര്‍ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

സത്താറ ജില്ലയിലെ ഫാല്‍ട്ടന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായിരുന്ന സംപാഡ മുണ്ടെ അത്മഹത്യ ചെയ്യുന്നത് ഇന്നലെ അര്‍ദ്ധ രാത്രിയാണ്. ഇടതുകൈപ്പത്തിയില്‍ എഴുതിയ ആത്മഹത്യകുറിപ്പില്‍ സത്താറയിലെ രണ്ട് പോലീസുകാര്‍ക്കെതിരെയായിരുന്നു ആരോപണം. എസ് ഐ ഗോപാല്‍ ബദ്ന നാല് തവണ ബലാല്‍സം​ഗം ചെയ്തു. അഞ്ചുമാസമായി ശാരീരികമായും മാനസികമായും പിഡിപ്പിക്കുന്നു. ഇതോടൊപ്പം പോലീസുദ്യോഗസ്ഥനായ പ്രശാന്ത് ബങ്കര്‍ മാനസികമായും പീഡിപ്പിച്ചു. ഇതിനാല്‍ ജീവന്‍ അവസാനിപ്പിക്കുന്നു. ഇതായിരുന്നു കുറിപ്പിന്‍റെ ചുരുക്കം. യുവ ഡോക്ടര്‍ ജൂന്‍ 21ന് എസിപിക്ക് പോലിസുകാരുടെ പീഡനത്തെകുറിച്ച് പരാതി നല്‍കിയിരുന്നു. മുന്നു മാസത്തിലേറെ കാത്തിരുന്നിട്ടും നടപടിയുണ്ടായില്ല. ഇതും ആതമഹത്യക്ക് കാരണമായെന്നാണ് ബന്ധുക്കളുടെ ആരോപണം.

പ്രതിപക്ഷ പാര്‍ട്ടികളും ഡോക്ടർമാരുടെ വിവിധ സംഘടനകളും പ്രതിക്ഷേധവുമായി എത്തിയതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. എസ് ഐ ഗോപാല്‍ ബദ്നയെ സസ്‍പെന്‍റ് ചെയ്തിട്ടുണ്ട്. നാല് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാണ് സര്‍ക്കാർ അന്വേഷണ സംഘത്തിന് നല്‍കിയിരികുന്ന നിർദേശം. ഇതുണ്ടായില്ലെങ്കില്‍ ആശുപത്രികളില്‍ സേവനം നിര്‍ത്തിവെച്ച് സമരം തുടങ്ങുമെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)