മദ്യ ലഹരിയില്‍ ഡോക്ടര്‍ മന്ത്രിയെ അസഭ്യം പറയുന്ന വീഡിയോ ഇവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തു. വീഡിയോ വൈറലായതോടെ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് രോഗിയോടും ബന്ധുക്കളോടും മോശമായി പെരുമാറുകയും മന്ത്രിയെ അസഭ്യം പറയുകയും ചെയ്ത ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. കോട്ദ്വാർ സത്പുലിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ) മെഡിക്കൽ ഓഫീസറായ ശിവകുമാറിനെയാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി ആർ രാജേഷ് കുമാർ സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗ്രാമത്തില്‍ നിന്നും ചികിത്സ തേടിയെത്തിയ രോഗിയോും ബന്ധുക്കളോടുമാണ് ഡോ. ശിവകുമാര്‍ മോശമായി പെരുമാറിയത്. ദേഹാസ്വസ്ഥ്യവുമായി ആശുപത്രിയിലെത്തിയ രോഗിയെ പരിശോധിക്കാന്‍ ഡോക്ടര്‍ കൂട്ടാക്കിയില്ല. രോഗിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇത് ചോദ്യം ചെയ്ത രോഗിയുടെ ബന്ധുക്കളോട് മദ്യലഹരിയിലായിരുന്ന ഡോക്ടര്‍ മോശമായി പെരുമാറുകയായിരുന്നു.

ഡോക്ടറുടെ പെരുമാറ്റം ശരിയല്ലെന്നും മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതും രോഗിയോട് മോശമായി പെരുമാറിയതും സ്ഥലം എംഎല്‍എകൂടിയായ മന്ത്രി സത്പാല്‍ മഹാരാജിനെ അറിയിക്കുമെന്ന് രോഗിക്കൊപ്പം വന്നവര്‍ പറഞ്ഞതോടെ ഡോ. ശിവകുമാര്‍ പ്രകോപിതനായി. ചികിത്സ തേടിയെത്തിയവരേയും മന്ത്രിയേയും ഡോക്ടര്‍ അസഭ്യം പറഞ്ഞു. ഈ സംഭവം രോഗിയുടെ കൂടെ വന്നവര്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു.

മദ്യ ലഹരിയില്‍ ഡോക്ടര്‍ മന്ത്രിയെ അസഭ്യം പറയുന്ന വീഡിയോ ഇവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തു. വീഡിയോ വൈറലായതോടെ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ശിവകുമാറിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. ഡോക്ടര്‍ക്കെതിരെ ആരോഗ്യവകുപ്പ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഡോക്ടര്‍ക്കതിരെ പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Read More : അരനൂറ്റാണ്ടു മുമ്പ് പിടിച്ച തീ ഇനിയും അണഞ്ഞില്ല, നരകകവാടം ഇപ്പോള്‍ സെല്‍ഫി പോയിന്റ്!