പ്രധാനമന്ത്രി ഫ്രീ സ്‌കൂട്ടി യോജന' എന്ന പദ്ധതിക്ക് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ കോളേജ് വിദ്യാര്‍ഥിനികള്‍ക്കും സൗജന്യമായി സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നു എന്നാണ് പ്രചാരണം
ദില്ലി: സോഷ്യല്‍ മീഡിയ വഴി ദിനംതോറും അനേകം വ്യാജ പ്രചാരണങ്ങള്‍ നടക്കാറുണ്ട്. അതിനാല്‍തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്ന പല പ്രചാരണങ്ങളുടെയും വസ്‌തുത എന്താണെന്ന സംശയം കാണുന്നവര്‍ക്ക് തോന്നും. ഇത്തരത്തിലൊരു സോഷ്യല്‍ മീഡിയ പ്രചാരണത്തിന്‍റെ നിജസ്ഥിതി പരിശോധിക്കാം.
പ്രചാരണം
'പ്രധാനമന്ത്രി ഫ്രീ സ്‌കൂട്ടി യോജന' എന്ന പദ്ധതിക്ക് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ കോളേജ് വിദ്യാര്‍ഥിനികള്‍ക്കും സൗജന്യമായി സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നു എന്ന തരത്തിലുള്ള സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും വാട്‌സ്ആപ്പിലടക്കം വ്യാപകമായിരിക്കുന്ന ലേഖനത്തിനൊപ്പം കാണാം.
വസ്‌തുത
കോളേജില്‍ പോകാന്‍ എല്ലാ വിദ്യാര്‍ഥിനികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി സ്‌കൂട്ടി വിതരണം ചെയ്യുന്നു എന്ന സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമാണ്. ഇത്തരത്തിലൊരു സൗജന്യ സ്‌കൂട്ടി പദ്ധതി കേന്ദ്ര സര്‍ക്കാരിനില്ല എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ശരിയായ വിവരങ്ങള്‍ക്കായി പിഐബി ഫാക്ട് ചെക്കിന്‍റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റും സന്ദര്‍ശിക്കണം എന്നും പിഐബി അഭ്യര്‍ഥിച്ചു.
മുമ്പ് മറ്റൊരു വ്യാജ പ്രചാരണം
വിദ്യാര്‍ഥിനികള്‍ക്കുള്ള സൗജന്യ സ്‌കൂട്ടി വിതരണത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷം മറ്റൊരു വ്യാജ പ്രചാരണവുമുണ്ടായിരുന്നു. സ്‌കൂള്‍/കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് കേന്ദ്രം സൗജന്യമായി സ്‌കൂട്ടികള്‍ വിതരണം ചെയ്യുന്നു എന്നായിരുന്നു ഒരു യൂട്യൂബ് വീഡിയോയുടെ തംബ്‌നൈലില്‍ പറഞ്ഞിരുന്നത്. ഇത്തരമൊരു പദ്ധതി കേന്ദ്ര സര്‍ക്കാരിനില്ല എന്ന് അന്നും പിഐബി ഫാക്ട് ചെക്കിലൂടെ അറിയിച്ചിരുന്നു.




