ഭതിൻഡ വ്യോമസേനാ താവളം പാകിസ്ഥാന്‍ തകര്‍ത്തെന്ന് പാക് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പ്രചാരണം
ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യക്കെതിരെ പാകിസ്ഥാന്‍റെ വ്യാജ പ്രചാരണങ്ങള്‍ അവസാനിക്കുന്നില്ല. പഞ്ചാബിലെ വ്യോമസേനാ താവളമായ ഭതിൻഡ ആക്രമിച്ച് നശിപ്പിച്ചതായാണ് പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ പ്രചാരണം പൂര്‍ണമായും തെറ്റാണെന്ന് പിഐബി അറിയിച്ചു. പാക് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ വ്യാജ പ്രചാരണവും അതിന്‍റെ വസ്‌തുതയും വിശദമായി അറിയാം.
പ്രചാരണം
ഇന്ത്യന്‍ വ്യോമതാവളമായ ഭതിൻഡ പാകിസ്ഥാന്‍ ആര്‍മി നശിപ്പിച്ചുവെന്ന കുറിപ്പോടെയാണ് ഒരു ചിത്രം എക്‌സില്‍ പാക് ഹാന്‍ഡിലുകള്‍ ഇന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭതിൻഡ വ്യോമതാവളം തകര്‍ത്തതോടെ ഇന്ത്യയുടെ മറ്റൊരു നിര്‍ണായക ലോഞ്ച് പോയിന്‍റാണ് ഇല്ലാതാക്കിയതെന്നും പോരാട്ടത്തില്‍ പാകിസ്ഥാന്‍ തന്ത്രപരമായ മുന്‍തൂക്കം നേടിയെന്നും പോസ്റ്റില്‍ അവകാശപ്പെടുന്നു. കണക്റ്റഡ് പാകിസ്ഥാന്‍ എന്ന എക്‌സ് ഹാന്‍ഡിലില്‍ നിന്നാണ് ഫോട്ടോ സഹിതം പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

വസ്‌തുത
പഞ്ചാബിലെ ഭതിൻഡ വ്യോമതാവളം പാകിസ്ഥാന്‍ സൈന്യം തകര്‍ത്തു എന്നത് വ്യാജ പ്രചാരണമാണ്. ഭതിൻഡ വ്യോമതാവളം ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. യാതൊരു കേടുപാടും ഈ സൈനിക താവളത്തിന് സംഭവിച്ചിട്ടില്ല. ആരും വ്യാജ പ്രചാരണങ്ങളില്‍ വീഴരുത് എന്നും പിഐബി ഫാക്ട് ചെക്ക് അഭ്യര്‍ഥിച്ചു.
ഭതിൻഡ വിമാനത്താവളം
ഭതിൻഡ വിമാനത്താവളം അഥവാ ഭതിൻഡ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ പഞ്ചാബിലെ ഭതിൻഡയിലുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ ഒരു വ്യോമതാവളമാണ്. പ്രധാനമായും സൈനിക ആവശ്യത്തിന് ഇവിടം ഉപയോഗിച്ചുവരുന്നു. ഈ വിമാനത്താവളം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ സിവില്‍ എയര്‍പോര്‍ട്ടായും ഉപയോഗിക്കുന്നുണ്ട്. അത്രയേറെ പ്രാധാന്യമുള്ള ഒരിടത്താണ് പാക് സേന ആക്രമണം നടത്തിയത് എന്ന് വ്യാജ പ്രചാരണം തകൃതിയായി നടക്കുന്നത്.


