മക്കളെ മദ്യപാനികൾക്ക് വിവാഹം ചെയ്ത് നൽകരുതെന്ന് കേന്ദ്രമന്ത്രി കൗശൽ കിഷോർ. റിക്ഷാക്കാരനോ കൂലിപ്പണിക്കാരനോ മദ്യപാനിയായ ഉദ്യോഗസ്ഥനേക്കാൾ നല്ല ഭർത്താവാകാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു
ദില്ലി: മക്കളെ മദ്യപാനികൾക്ക് വിവാഹം ചെയ്ത് നൽകരുതെന്ന് കേന്ദ്രമന്ത്രി കൗശൽ കിഷോർ. റിക്ഷാക്കാരനോ കൂലിപ്പണിക്കാരനോ മദ്യപാനിയായ ഉദ്യോഗസ്ഥനേക്കാൾ നല്ല ഭർത്താവാകാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. താൻ ഒരു എംപിയും ഭാര്യ എംഎൽഎയായിട്ടും തങ്ങളുടെ മകനെ ലഹരിയിൽനിന്നും രെക്ഷിക്കാനായില്ല. പിന്നെയെങ്ങനെയാണ് സാധാരണക്കാർക്ക് സാധിക്കുകയെന്നും മന്ത്രി ചോദിച്ചു. കൗശൽ കിഷോറിന്റെ മകൻ അമിത മദ്യപാനത്തെ തുടർന്ന് രോഗം വന്ന് രണ്ട് വർഷം മുൻപാണ് മരിച്ചത്. സ്വാതന്ത്ര്യസമരത്തിനായി പോരാടിയ ആറര ലക്ഷം പേർക്കാണ് ജീവൻ നഷ്ടമായത്, എന്നാൽ ലഹരിക്ക് അടിമകളായി എല്ലാ വർഷവും ഇരുപത് ലക്ഷത്തോളം പേരാണ് രാജ്യത്ത് മരിക്കുന്നതെന്നും മന്ത്രി ഓർമപ്പെടുത്തി. ഉത്തർപ്രദേശിൽ ഒരു ലഹരിവിരുദ്ദചടങ്ങിലാണ് മന്ത്രി വൈകാരികമായി പ്രസംഗിച്ചത്.
മദ്യപാനം തന്റെ മകനെ കൊന്നത് എങ്ങനെയെന്ന് ഓർത്തെടുത്തുകൊണ്ടായിരുന്നു കൗശൽ കിഷോർ വൈകാരികമായി പ്രസംഗിച്ചത്. ആളുകൾ തങ്ങളുടെ പെൺമക്കളെയും സഹോദരിമാരെയും മദ്യപാനിക്ക് വിവാഹം കഴിക്കരുത്. തന്റെ മകൻ ആകാശ് കിഷോർ മദ്യം കഴിക്കുന്നത് ശീലമായി വളർത്തിയെടുത്തിരുന്നു. ഇടയ്ക്ക് പുനരധിവാസ കേന്ദ്രത്തിൽ കൊണ്ടുപോയി ചികിത്സ നടത്തി. ദുശ്ശീലം ഉപേക്ഷിച്ചെന്ന് കരുതി. ആറ് മാസത്തിന് ശേഷം വിവാഹം കഴിച്ചു. എന്നാൽ, വിവാഹശേഷം, അവൻ വീണ്ടും മദ്യപാനം ആരംഭിച്ചു. അത് ആത്യന്തികമായി മരണത്തിലേക്ക് നയിക്കുകയും ചെയ്തു. 2020-ൽ ആകാശ് മരിക്കുമ്പോൾ അവന്റെ മകന് രണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും ലംഭുവ അസംബ്ലി മണ്ഡലത്തിൽ മദ്യലഹരി വിമുക്തി വിഷയമായ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more: ചൈനയും അമേരിക്കയും കിതച്ചപ്പോൾ തിളങ്ങിയത് ഇന്ത്യ മാത്രം; 2022-ല്‍ ആഗോള ഓഹരി വിപണിയുടെ പ്രകടനം ഇങ്ങനെ
പങ്കാളിയായി തെരഞ്ഞെടുക്കുന്നതിന് മദ്യപാനിയായ ഒരു ഉദ്യോഗസ്ഥനേക്കാൾ നല്ലത് ഓട്ടോ റിക്ഷാ ഡ്രൈവറോ കൂലിപ്പണിക്കാരനോ ആണ്. മദ്യപാനികളുടെ ആയുസ്സ് വളരെ കുറവാണ്. എംപി എന്ന നിലയിൽ എനിക്കും എംഎൽഎ എന്ന നിലയിൽ എന്റെ ഭാര്യക്കും ഞങ്ങളുടെ മകന്റെ ജീവൻ രക്ഷിക്കാൻ കഴിയാത്തപ്പോൾ, സാധാരണക്കാർ എങ്ങനെ അത് ചെയ്യും, ബ്രിട്ടീഷുകാർക്കെതിരായ സ്വാതന്ത്ര്യ സമരകാലമായ 90 വർഷത്തിൽ പോരാട്ടത്തിൽ 6.32 ലക്ഷം പേരാണ് ജീവൻ ബലിയർപ്പിച്ചത്. എന്നാൽ ഓരോ വർഷവും 20 ലക്ഷം പേരാണ് ലഹരി ഉപയോഗ ഫലമായി മരണത്തിന് കീഴടങ്ങുന്നത്. ഏകദേശം 80 ശതമാനം കാൻസർ മരണങ്ങളും പുകയില, സിഗരറ്റ്, ബീഡി എന്നിവയുടെ ആസക്തി മൂലമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.
