Asianet News MalayalamAsianet News Malayalam

'അയോധ്യയില്‍ മുസ്ലീങ്ങള്‍ക്ക് ഭൂമി നല്‍കരുത്'; റിവ്യൂ പെറ്റീഷനുമായി ഹിന്ദു മഹാസഭ

 തര്‍ക്കഭൂമിയുടെ അകവും പുറവും ഹിന്ദുക്കളുടെ ഭൂമിയാണെന്നും അയോധ്യയില്‍ മുസ്ലിങ്ങള്‍ ഭൂമി അനുവദിക്കരുതെന്നും ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ വ്യക്തമാക്കി. 

don't give 5-acre plot to Muslims in Ayodhya: Hindu Mahasabha to file review petition
Author
New Delhi, First Published Dec 9, 2019, 3:48 PM IST

ദില്ലി: അയോധ്യ-ബാബ്‍രി മസ്ജിദ് ഭൂമി തര്‍ക്കകേസില്‍ പുതിയ നിലപാടുമായി ഹിന്ദു മഹാസഭ. മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി അഞ്ച് ഏക്കര്‍ അനുവദിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കാനാണ് ഹിന്ദു മഹാസഭയുടെ തീരുമാനം. അയോധ്യയില്‍ മുസ്ലീങ്ങള്‍ക്ക് അഞ്ച് ഏക്കര്‍ അനുവദിക്കേണ്ട ആവശ്യമില്ലെന്നാണ് ഹിന്ദു മഹാസഭ ഹര്‍ജിയിലൂടെ ആവശ്യപ്പെടും.

അയോധ്യയില്‍ പള്ളി നിര്‍മാണത്തിന് ഭൂമി അനുവദിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഹിന്ദുമഹാസഭയുടെ വിലയിരുത്തല്‍.  തര്‍ക്കഭൂമിയുടെ അകവും പുറവും ഹിന്ദുക്കളുടെ ഭൂമിയാണെന്നും അയോധ്യയില്‍ മുസ്ലിങ്ങള്‍ ഭൂമി അനുവദിക്കരുതെന്നും ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ വ്യക്തമാക്കി. ഹിന്ദു സംഘടനകളുടെ ഭാഗത്തുനിന്ന് വിധിക്കെതിരെ ആദ്യമായാണ് റിവ്യൂ പെറ്റീഷന്‍ നല്‍കുന്നത്. നവംബര്‍ 10നാണ് അയോധ്യ-ബാബ്‍രി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിക്കുന്നത്. തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനും അയോധ്യയില്‍ മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി അഞ്ച് ഏക്കര്‍ ഭൂമി അനുവദിക്കാനുമായിരുന്നു വിധി.

മൗലാന മുഫ്തി ഹസ്ബുല്ല, മൗലാന മഹ്ഫൂസുര്‍ റെഹ്‍മാന്‍, മിസ്‍ഹാബുദ്ദീന്‍, മുഹമ്മദ് ഉമര്‍, ഹാജി നഹ്ബൂബ് എന്നിവരാണ് സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിച്ചത്. ആള്‍ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്‍റെ പിന്തുണയോടെയാണ് ഇവര്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയത്. ഇവര്‍ക്കു പുറമെ, മുഹമ്മദ് അയ്യൂബ് എന്ന വ്യക്തിയും പെറ്റീഷന്‍ നല്‍കിയിട്ടുണ്ട്.  അയോധ്യ വിധിക്കെതിരെ ഏഴ് റിവ്യൂ പെറ്റീഷനുകളാണ് സുപ്രീം കോടതിയില്‍ വിവിധ സംഘടനകള്‍ സമര്‍പ്പിച്ചത്. 

Follow Us:
Download App:
  • android
  • ios