'ബിജെപിയുടെ ആശയങ്ങളുമായി യോജിക്കുന്നില്ലെങ്കില്‍ നിങ്ങളെ അവര്‍  രാജ്യദ്രോഹിയാക്കും.'

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയോ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയോ ഇഷ്ടമല്ലെന്ന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. പ്രധാനമന്ത്രിയിലെ എന്ത് കഴിവാണ് താങ്കള്‍ക്ക് ഇഷ്ടമെന്ന ചോദ്യത്തിന് മറുപടി പറവേയാണ് തനിക്ക് മോദിയേയോ അമിത് ഷായേയോ ഇഷ്ടമല്ലെന്ന് ജാവേദ് അക്തര്‍ പറഞ്ഞത്. അതേസമയം അടല്‍ ബിഹാരി വാജ്പേയിയേയും എല്‍ കെ അദ്വാനിയേയും ജാവേദ് അക്തര്‍ പ്രശംസിച്ചു വാജ്പേയി വളരെ വ്യത്യസ്തനായ മനുഷ്യനായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെയും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ജാവേദ് അക്തര്‍ ഉയര്‍ത്തിയത്. ബിജെപിയുടെ ആശയങ്ങളുമായി യോജിക്കുന്നില്ലെങ്കില്‍ നിങ്ങളെ അവര്‍ രാജ്യദ്രോഹിയാക്കും. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആവാന്‍ സാധ്യതയില്ല. രാഹുല്‍ ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശം തനിക്ക് അംഗീകരിക്കാന്‍ ആവില്ലെന്നും ജാവേദ് പറഞ്ഞു. കോണ്‍ഗ്രസിനോ ബിജെപിക്കോ ഭൂരിപക്ഷം കിട്ടില്ലെന്നും കൂട്ടുകക്ഷി ഭരണത്തിനാകും സാധ്യതയെന്നുംജാവേദ് അക്തര്‍ പറഞ്ഞു.