ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം. ഇത് ഊർജമാക്കിയെടുത്ത് ഇന്ത്യ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കണമെന്നും അമിതാഭ് കാന്ത്
ദില്ലി : ഡോണൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 50% ഇറക്കുമതി തീരുവ ചുമത്തിയതിനെ അവസരമായി കണ്ട് മുന്നേറ്റം നടത്തണമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമായി ട്രംപിന്റെ നീക്കത്തെ കാണണമെന്നും ഇത് ഊർജമാക്കിയെടുത്ത് ഇന്ത്യ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കണമെന്നും അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു.
ട്രംപിന്റെ 50 ശതമാനം താരിഫ് വ്യാപാര രംഗത്ത് ഇന്ത്യക്ക് തിരിച്ചടിയാകുമെങ്കിലും, പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനും 'വലിയ കുതിച്ചുചാട്ടത്തിന്' തയ്യാറെടുക്കാനുമുള്ള അവസരമായി ഇതിനെ കാണണമെന്ന് അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു. പ്രതിസന്ധിയെ പൂർണ്ണമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
റഷ്യയിൽ നിന്ന് എണ്ണയും സൈനിക ഉപകരണങ്ങളും വാങ്ങുന്നത് തുടരുന്നതിനുള്ള ഇന്ത്യൻ നീക്കത്തെ തടയാനാണ് 25 ശതമാനം താരിഫിന് പിന്നാലെ 25 ശതമാനം പിഴ താരിഫ് കൂടി ഇന്ത്യക്ക് മേൽ ട്രംപ് ചുമത്തിയത്. ഇന്ത്യയുടെ ഉയർന്ന തീരുവകളും വ്യാപാര തടസ്സങ്ങളും കാരണമായെന്നാണ് ട്രംപിന്റെ വിശദീകരണം.
ഉയർന്ന തീരുവ കാരണം തുണിത്തരങ്ങൾ, രത്‌നങ്ങൾ, ആഭരണങ്ങൾ, സ്റ്റീൽ, യന്ത്രങ്ങൾ തുടങ്ങിയ നിരവധി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് വിപണിയിൽ വില കൂടും. ഇന്ത്യക്കെതിരെ 50% തീരുവ ചുമത്തിയപ്പോൾ യൂറോപ്യൻ യൂണിയനെതിരെ പൂജ്യം ശതമാനം തീരുവയാണ് ട്രംപ് ചുമത്തിയത്.
ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം യൂറോപ്യൻ യൂണിയനും കാനഡയും പലതവണ ട്രംപിന്റെ ‘താരിഫ് ആക്രമണങ്ങൾക്ക്' വിധേയരായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ മാസം യൂറോപ്യൻ യൂണിയനും യുഎസും തമ്മിൽ ഒരു വ്യാപാര കരാറിൽ എത്തിച്ചേർന്നിരുന്നു. എന്നാൽ കാനഡയിൽ നിന്നുള്ള ചില ഉത്പന്നങ്ങൾക്കുള്ള താരിഫ് ട്രംപ് 35 ശതമാനമായി ഉയർത്തിയിട്ടുമുണ്ട്.


