Asianet News MalayalamAsianet News Malayalam

അക്രമത്തിന് പ്രേരിപ്പിക്കുന്നവരില്‍ നിന്ന് അകലം പാലിക്കണമെന്ന് മോഹന്‍ ഭാഗവത്

അക്രമത്തിന് പ്രേരിപ്പിക്കുന്ന ആളുകളില്‍ നിന്ന് നമ്മള്‍ അകലം പാലിക്കണം. സമൂഹത്തെ വിഘടിപ്പിച്ച് അക്രമം അഴിച്ചുവിടുന്നയാണ് അവരുടെ തന്ത്രമെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു

Dont blame Muslims for covid 19 says rss chief Mohan Bhagwat
Author
Nagpur, First Published Apr 27, 2020, 12:25 PM IST

മുംബൈ: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ പടരുന്നതിന് ഒരു സമുദായത്തെ മാത്രം  കുറ്റപ്പെടുത്തരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. കുറച്ച് പേര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ ഒരു സമുദായത്തെ ആകെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുതരത്തിലുള്ള വിവേചനവും കാണിക്കാതെ കൊവിഡ് ബാധിച്ചവരെ സഹായിക്കണം. 130 കോടി ഇന്ത്യക്കാരും ഒരു കുടുംബമാണ്. നമ്മളെല്ലാം ഒന്നാണ്.

കുറച്ചാളുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ ആ തെറ്റുകള്‍ക്ക് ഒരു സമുദായത്തെ മുഴുവന്‍ പഴിക്കുന്നത് ശരിയല്ല. പക്വതയുള്ളവര്‍ മുന്നോട്ട് വന്ന് ആളുകളിലെ മുന്‍വിധി മാറ്റിയെടുക്കാന്‍ ചര്‍ച്ച നടത്തണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ദില്ലിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‍ലീഗ് ജമാഅത്ത് മതസമ്മേളനം പരാമര്‍ശിക്കാതെയാണ് മോഹന്‍ ഭാഗവത് സംസാരിച്ചത്.

അതേസമയം, മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിലും മോഹന്‍ ഭാഗവത് പ്രതികരിച്ചു. പ്രദേശവാസികള്‍ ഒരിക്കലും നിയമം കയ്യിലെടുക്കാന്‍ പാടില്ലായിരുന്നു. രണ്ട് സന്യാസിമാരും തെറ്റുകാരല്ലായിരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന വാദങ്ങള്‍ ശ്രദ്ധിക്കാതെ തെറ്റുകാരല്ലാത്തവരെ കൊല്ലുന്നത് ശരിയാണോയെന്നാണ് ചിന്തിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് എന്തെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

അക്രമത്തിന് പ്രേരിപ്പിക്കുന്ന ആളുകളില്‍ നിന്ന് നമ്മള്‍ അകലം പാലിക്കണം. സമൂഹത്തെ വിഘടിപ്പിച്ച് അക്രമം അഴിച്ചുവിടുന്നതാണ് അവരുടെ തന്ത്രമെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൊവിഡ‍ിനെ നേരിടുന്നതില്‍ സര്‍ക്കാരിനെ പ്രശംസിച്ച ആര്‍എസ്എസ് തലവന്‍ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സമയോചിതമായി വിഷയത്തില്‍ ഇടപെട്ടെന്നും പറഞ്ഞു. 

Follow Us:
Download App:
  • android
  • ios