ജയ് ശ്രീറാം വിളിക്കാത്തതിന് വൃദ്ധനെ മർദ്ദിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുൽ വിമർശനവുമായി രംഗത്തെത്തിയത്...

​ലക്നൌ: ഗാസിയാബാദിൽ വൃദ്ധനെ മർദ്ദിച്ച സംഭവത്തിലെ രാഹുൽ ​ഗാന്ധിയുടെ വിമർശനത്തിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ​ഗാസിയാബാദ് വിഷയത്തിൽ രാഹുൽ നുണപ്രചാരണം നടത്തുന്നുവെന്ന് ആദിത്യനാഥ് ആരോപിച്ചു. 

'ശ്രീരാമൻ നൽകുന്ന ആദ്യപാഠം സത്യം പറയുക എന്നതാണ്. അത് നിങ്ങൾ ജീവിതത്തിൽ ഇതുവരെ ചെയ്തിട്ടില്ല. പൊലീസ് സത്യം വ്യക്തമാക്കിയിട്ടും സമൂഹത്തിൽ വിഷം പരത്തിക്കൊണ്ടിരിക്കുന്നതിൽ നിങ്ങൾക്ക് ലജ്ജതോന്നേണ്ടതാണ്. ഉത്തർപ്രദേശിലെ ജനങ്ങളെ അപമാനിക്കുന്നത് അവസാനിപ്പിക്കൂ...' - യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. 

Scroll to load tweet…

ജയ് ശ്രീറാം വിളിക്കാത്തതിന് വൃദ്ധനെ മർദ്ദിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിന്റെ വിമർശനം. ശ്രീരാമന്റെ യഥാർത്ഥ ഭക്തർ ഇത് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. ഇത്തരം ക്രൂരതകൾ മനുഷ്യത്വത്തിന് വളരെ അകലെയാണ്. സമൂഹത്തിനും മതത്തിനും നാണക്കേടാണെന്നായിരുന്നു രാഹുൽ വിമർശിച്ചത്. 

Scroll to load tweet…

ഒരു കൂട്ടം ആളുകൾ വൃദ്ധനെ അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഗാസിയാബാദ് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ ലോണിയിൽ ജൂൺ അഞ്ചിനാണ് വൃദ്ധനു നേരെ ആക്രമണമുണ്ടായത്.

ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന അബ്ദുൾ സമദ് എന്ന വൃദ്ധനെ ഒരു കൂട്ടം ആളുകൾ പിടിച്ചിറക്കി അടിച്ചെന്നാണ് പരാതി. കൂട്ടത്തിലൊരാൾ കത്തി ഉപയോഗിച്ച് വയോധികൻറെ താടി മുറിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പ്രവേഷ് ഗുജ്ജർ എന്നയാളെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചിട്ടും അത് ചെയ്യാത്തതിനാണ് തന്നെ അടിച്ചത് എന്ന് അബ്ദുൾ സമദ് പറഞ്ഞിരുന്നതായും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.