മലാലയെ സംരക്ഷിക്കാൻ കഴിയാത്ത രാജ്യം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാൻ വരേണ്ടതില്ല
ലഖ്നൗ: സ്കൂളുകളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യയെ പഠിപ്പിക്കാനിറങ്ങിയ പാക്കിസ്ഥാന് രൂക്ഷ മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്ത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാൻ പാക്കിസ്ഥാന് ഒരു അവകാശവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും അസദുദ്ദീൻ ഒവൈസി ഉത്തർപ്രദേശിലെ റാലിയിൽ രൂക്ഷമായ മറുപടി. മലാല യൂസഫ് സായിക്ക് വെടിയേറ്റ സംഭവമടക്കം ഓർമ്മിപ്പിച്ചായിരുന്നു ഒവൈസിയുടെ മറുപടി.
പാക്കിസ്ഥാൻ അവരുടെ കാര്യം നോക്കിയാൽ മതിയെന്നും ഇന്ത്യയിലെ കാര്യങ്ങൾ ഇവിടുള്ളവർ നോക്കുമെന്നും ഒവൈസി കൂട്ടിച്ചേർത്തു. മലാലയെ സംരക്ഷിക്കാൻ കഴിയാത്ത രാജ്യം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാൻ വരേണ്ടതില്ല. അവിടുത്തെ പെൺകുട്ടികൾക്ക് സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ട രാജ്യം ഇപ്പോൾ ഇന്ത്യയെ പഠിപ്പിക്കാൻ നോക്കുകയാണെന്നും അതിന്‍റെ ആവശ്യമില്ലെന്നും മലാലയെ അവിടെവെച്ച് വെടിവച്ച് കൊല്ലാൻ ശ്രമിച്ചത് ചൂണ്ടികാട്ടി ഒവൈസി പറഞ്ഞു.
മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്നതിലൂടെ മനുഷ്യാവകാശങ്ങൾ ഇന്ത്യ ലംഘിക്കുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി രാവിലെ അഭിപ്രായപ്പെട്ടിരുന്നു. വിഷയം അന്താരാഷ്ട്രാ തലത്തിൽ ചർച്ചയാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതിനിടയിലാണ് ഒവൈസി മറുപടിയുമായി രംഗത്തെത്തിയത്.
