Asianet News MalayalamAsianet News Malayalam

ഹിന്ദിയോട് എതിര്‍പ്പില്ല, അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തോട് വിയോജിപ്പ്; നിലപാട് വ്യക്തമാക്കി സ്റ്റാലിന്‍

ഹിന്ദി അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ അതിനെ ആധിപത്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. ഒരു മതം മാത്രമായിരിക്കണമെന്ന് അവർ കരുതുന്നത് പോലെ, ഒരു ഭാഷ മാത്രമേ ഉണ്ടാകാവൂ എന്നും അവര്‍ കരുതുന്നുവെന്നും സ്റ്റാലിന്‍

dont oppose Hindi but oppose Hindi imposition says tamilnadu CM MK Stalin
Author
Chennai, First Published Jan 27, 2022, 10:36 AM IST

ഹിന്ദിയെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ ഹിന്ദിയെ ( Hindi) അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെയാണ് എതിര്‍ക്കുന്നതെന്നും വ്യക്തമാക്കി തമിഴ്നാട് (Tamil Nadu) മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ (MK Stalin). മാതൃഭാഷയെ ഹിന്ദി വച്ച മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഭാഷ ആളുകളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും സ്റ്റാലിന്‍ പറയുന്നു. മൊഴിപ്പോര്‍ (ഭാഷയ്ക്കുവേണ്ടിയുള്ള പോരാട്ടം) എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം കെ സ്റ്റാലിന്‍. 1967ല്‍ സി എന്‍ അണ്ണാദുരൈ അധികാരത്തില്‍ വന്ന സമയത്ത് ദ്വിഭാഷാ നയം കൊണ്ടുവരികയും മൊഴിപോരിന്‍റെ ഫലം കണക്കിലെടുത്ത് സംസ്ഥാനത്തിന് തമിഴ്നാട് എന്ന് പേരുനല്‍കുകയും ചെയ്തിരുന്നു. സംസ്ഥാന ഭാഷകളെ രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷകളാക്കാൻ സഹായിക്കുന്ന നിയമങ്ങൾ ഭേദഗതി ചെയ്യാനായി ഇപ്പോഴും കഷ്ടപ്പെടുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

തമിഴ് സംസാരിക്കുന്നു എന്നതുകൊണ്ട് മാത്രം ഞങ്ങള്‍ ഇടുങ്ങിയ ചിന്താഗതിയുള്ളവരാകില്ല. ഹിന്ദിക്ക് മാത്രമല്ല ഒരു ഭാഷയ്ക്കും ഞങ്ങള്‍ എതിരല്ലെന്നും സ്റ്റാലിന്‍ വിശദമാക്കി. ഹിന്ദിയെ എതിര്‍ക്കുന്നില്ലെന്നും എതിര്‍ക്കുന്നത് ഭാഷയെ അടിച്ചേല്‍പ്പിക്കാനുള്ള  ശ്രമത്തെയാണെന്നും എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ഒരു ഭാഷ പഠിക്കുക എന്നത് ഒരാളുടെ സ്വന്തം താല്പര്യത്തില്‍ നിന്ന് ഉയര്‍ന്നുവരേണ്ട കാര്യമാണ്. അല്ലാതെ അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടെതെന്നും സ്റ്റാലിന്‍ പറയുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ അതിനെ ആധിപത്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. ഒരു മതം മാത്രമായിരിക്കണമെന്ന് അവർ കരുതുന്നത് പോലെ, ഒരു ഭാഷ മാത്രമേ ഉണ്ടാകാവൂ എന്നും അവര്‍ കരുതുന്നുവെന്നാണ് സ്റ്റാലിന്‍ ആരോപിച്ചത്. ഹിന്ദി സംസാരിക്കാത്തവരെ രണ്ടാം തരം പൌരന്മാരാക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. മാതൃഭാഷയെ (Mother Tongue) മാറ്റി ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. അവര്‍ക്ക് തമിഴ് എന്നും തമിഴ്നാട് എന്നും കേള്‍ക്കുമ്പോള്‍ കയ്പ് തോന്നുന്നതുപോലെയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ തമിഴ്നാടിന്‍റെ നിശ്ചല ദൃശ്യത്തിന് അനുമതി നല്‍കാത്തത് മനപ്പൂര്‍വ്വമാണെന്നും എം കെ സ്റ്റാലിന്‍ ആരോപിച്ചു. റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശാനുമതി നിഷേധിച്ച നിശ്ചല ദൃശ്യത്തെ കേന്ദ്രത്തിനെതിരെയുള്ള ആയുധമാക്കി ഉപയോഗിക്കുകയാണ് തമിഴ്നാട്.  സ്വാതന്ത്യ സമര സേനാനികളായ വി.ഒ.ചിദംബരം പിള്ള, റാണിവേലു നാച്യാർ, വീര പാണ്ഡ്യ കട്ടബൊമ്മൻ, മരുതുപാണ്ഡ്യാർസഹോദരങ്ങൾ, മഹാകവി സുബ്രഹ്മണ്യഭാരതി തുടങ്ങിയവരുടെരൂപങ്ങളാണ് ഫ്ലോട്ടിൽ ഉൾപ്പെടുത്തിയത്. ഇത് കൂടാതെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തമിഴ്നാട് എന്ന വിഷയത്തെ അധികരിച്ച് മറ്റ്മൂന്ന് ഫ്ലോട്ടുകൾ കൂടി ചെന്നൈയിലെ റിപ്പബ്ലിക് പരേഡിൽ പ്രദർശിപ്പിച്ചു. തമിഴ്നാട്ടിലെ മറ്റ് നഗരങ്ങളിലും വരും ദിവസങ്ങളിൽ ഈ നിശ്ചലദൃശ്യങ്ങൾ പ്രദർശിപ്പിക്കാനാണ് സ്റ്റാലിൻ സർക്കാരിന്‍റെ തീരുമാനം. 

Follow Us:
Download App:
  • android
  • ios