Asianet News MalayalamAsianet News Malayalam

വീണ്ടും രാജി നൽകി വിമതർ: 'മിന്നൽ വേഗത്തിൽ' തീരുമാനമെടുക്കാൻ കഴിയില്ലെന്ന് സ്പീക്കർ

സ്പീക്കർ കെ ആ‌ർ രമേശ് കുമാറിനെ കാണാനെത്തിയ വിമത എംഎൽഎമാർക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിധാൻ സൗധയിലെത്തിയ യെദ്യൂരപ്പയെയും സംഘത്തെയും പൊലീസ് തടഞ്ഞു

drama in karnataka assembly continues rebel mlas in bengaluru
Author
Bengaluru, First Published Jul 11, 2019, 6:44 PM IST

ബെംഗളൂരു: മുംബൈയിലെ പഞ്ചനക്ഷത്രഹോട്ടലിൽ താമസിക്കുകയായിരുന്ന ജെഡിഎസ് - കോൺഗ്രസ് സഖ്യസർക്കാരിലെ 10 വിമത എംഎൽഎമാരും മുംബൈയിൽ നിന്ന് വിധാൻ സൗധയിലെത്തി രാജി സമർപ്പിച്ച് മടങ്ങി. സ്പീക്കർ കെ ആർ രമേശ് കുമാറിനെ നേരിട്ട് കണ്ടാണ് 10 വിമതർ രാജിക്കത്ത് നൽകിയത്. എന്നാൽ രാജിയിൽ ഇന്ന് തന്നെ തീരുമാനമെടുക്കാനാകില്ലെന്ന് സ്പീക്കർ കെ ആർ രമേശ് കുമാർ വ്യക്തമാക്കി. പത്ത് രാജിക്കത്തുകളും പരിശോധിക്കണം. രാജി നൽകുന്ന ദൃശ്യങ്ങളടക്കം പകർത്തിയിട്ടുണ്ട്. ഇതടക്കം നാളെ സുപ്രീംകോടതിയിൽ മറുപടി നൽകുമെന്നും രമേശ് കുമാർ അറിയിച്ചു. 

സ്പീക്കർ രാജി സ്വീകരിക്കുന്നില്ലെന്ന് കാട്ടി സുപ്രീംകോടതിയെ സമീപിച്ച 10 വിമത എംഎൽഎമാരോട് നേരിട്ട് പോയി രാജി കൊടുക്കാനായിരുന്നു സുപ്രീംകോ‍ടതി നിർദേശിച്ചത്. ആറ് മണിയോടെ നേരിട്ട് പോയി രാജി സമർപ്പിച്ച് ഇന്ന് വൈകിട്ട് തന്നെ സ്പീക്കർ തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. 

എന്നാൽ ഈ നിർദേശം സ്പീക്കർ കെ ആർ രമേശ് കുമാർ തള്ളി. മണിക്കൂറുകൾ കൊണ്ട് ഇത്രയധികം രാജിക്കത്തുകൾ പരിശോധിച്ച് തീരുമാനമെടുക്കാനാകില്ലെന്നും, ഇത് തന്‍റെ വിവേചനാധികാരമാണെന്നും സ്പീക്കർ സുപ്രീംകോടതിയെ അറിയിച്ചു. ഇത് ഹർജിയായി നൽകാൻ സുപ്രീംകോടതി സ്പീക്കറോട് പറഞ്ഞു. ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. എന്നാൽ രാവിലത്തെ ഉത്തരവ് നടപ്പാക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ രണ്ടാമത് ഹർജി പരിഗണിച്ചപ്പോൾ സുപ്രീംകോടതി മൗനം പാലിച്ചു. 

അതേസമയം, കോൺഗ്രസ് - ജെഡിഎസ് സഖ്യസർക്കാർ തകർച്ചയുടെ വക്കിൽ നിൽക്കേ, മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ നിർണായക മന്ത്രിസഭാ യോഗം ചേർന്നു. നിലവിലെ സാഹചര്യം ''ധൈര്യപൂർവം'' നേരിടാനാണ് മന്ത്രിസഭ തീരുമാനിച്ചതെന്നും, ബിജെപി വിശ്വാസവോട്ട് തേടണമെന്നാവശ്യപ്പെട്ടാൽ അതിന് തയ്യാറാണെന്ന് അറിയിക്കാനുമാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. നാളെയാണ് കർണാടകത്തിൽ നിയമസഭാ സമ്മേളനം തുടങ്ങുന്നത്. ധനകാര്യബില്ല് മേശപ്പുറത്ത് വച്ച ശേഷം നാളെ മറ്റെന്ത് നാടകീയസംഭവങ്ങളുണ്ടാകുമെന്ന് കണ്ടറിയണം. 

കനത്ത സുരക്ഷയിലാണ് വിധാൻ സൗധ. കോൺഗ്രസ് കേന്ദ്ര നേതാവ് ഗുലാം നബി ആസാദ്, പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, മന്ത്രി ഡി കെ ശിവകുമാർ, സിദ്ധരാമയ്യ, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി. 

മന്ത്രി എം ടി ബി നാഗരാജ് അടക്കം 16 എംഎൽഎമാരാണ് ഭരണപക്ഷത്തു നിന്ന് രാജി വച്ചത്. സ്വതന്ത്ര എംഎൽഎയായ എച്ച് നാഗേഷും കെപിജെപി എംഎൽഎ ആർ ശങ്കറും ഭരണപക്ഷത്തിനുള്ള പിന്തുണ പിൻവലിച്ചു. ഈ രാജികളൊന്നും സ്പീക്കർ കെ ആർ രമേശ് കുമാർ അംഗീകരിച്ചിട്ടില്ല. ഈ രാജികളെല്ലാം അംഗീകരിച്ചാൽ ഭരണപക്ഷത്തിനുള്ള പിന്തുണ 101 പേരായി കുറയും. 224 അംഗനിയമസഭയിൽ ആകെ അംഗസംഖ്യ 206 ആകും. കേവലഭൂരിപക്ഷത്തിനുള്ള സംഖ്യ 103 ആകും. സർക്കാരുണ്ടാക്കാൻ അംഗബലമായി 104 പേർ വേണം. സർക്കാർ താഴെപ്പോകും. ബിജെപിക്ക് സർക്കാർ രൂപീകരിക്കാം. സ്വന്തം കയ്യിൽ 105 എംഎൽഎമാരുണ്ട്. സ്വതന്ത്രന്‍റെയും കെപിജെപിയുടെയും പിന്തുണ ചേർത്ത് ആകെ 107 പേരുടെ അംഗബലമുണ്ട്. അതുകൊണ്ടുതന്നെ നാളെ വിശ്വാസവോട്ട് തേടാൻ തന്നെയാകും ബിജെപിയുടെ നീക്കം.

തത്സമയവിവരങ്ങൾ:

# വിമതഎംഎൽഎമാർ മുംബൈയ്ക്ക് മടങ്ങി. നാളത്തെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നുറപ്പായി. 

# ചിലർ ഭീഷണിപ്പെടുത്തിയെന്ന് എംഎൽഎമാർ പറഞ്ഞതായി സ്പീക്കർ. മുംബൈയ്ക്ക് പോയത് ഭയന്നാണെന്ന് പറഞ്ഞതായും സ്പീക്കർ. തന്‍റെ അടുക്കൽ വന്നിരുന്നെങ്കിൽ സുരക്ഷ ഉറപ്പാക്കിയേനേ എന്ന് പറഞ്ഞതായി സ്പീക്കർ.

# എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയ ജെഡിഎസ്, കോൺഗ്രസ് നേതാക്കളോടും കൂടുതൽ രേഖകൾ പരിശോധിച്ച ശേഷമേ നടപടിയെടുക്കാനാകൂ എന്ന് സ്പീക്ക‌ർ അറിയിച്ചു. രേഖകൾ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. 

# ഇന്ന് തന്നെ രാജിക്കത്തുകളിൽ തീരുമാനമെടുക്കാനാകില്ലെന്ന് സ്പീക്കർ. ഓരോ കത്തും പരിശോധിക്കണം. പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കാനാകൂ എന്നും സ്പീക്കർ കെ ആർ രമേശ് കുമാർ.

# ആരെയും സംരക്ഷിക്കുകയോ പുറത്താക്കുകയോ അല്ല തന്‍റെ ലക്ഷ്യമെന്ന് സ്പീക്കർ.

# മിന്നൽ വേഗത്തിൽ തീരുമാനമെടുക്കാനാകില്ല. ഭരണഘടന അനുസരിച്ചേ അന്തിമതീരുമാനമുണ്ടാകൂ. എംഎൽഎമാർ തന്നെ കാണാതെ ഗവർണറെ കണ്ടത് ശരിയായില്ല. രാജി ഉടൻ സ്വീകരിക്കണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു. അതിന് കഴിയില്ലെന്ന് താൻ എംഎൽഎമാരെ അറിയിച്ചിട്ടുണ്ട്. 

# എംഎൽഎമാർ രാജി സമർപ്പിച്ചതടക്കം എല്ലാം പകർത്തിയിട്ടുണ്ട്, ദൃശ്യങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിക്കും.

# വിമത എംഎൽഎമാരെ അയോഗ്യരാക്കാൻ സ്പീക്കർക്ക് ജെഡിഎസ്സ് കത്ത് നൽകി. 3 ജെഡിഎസ് എംഎൽഎമാരാണ് രാജി വച്ചത്. നേരത്തേ രാജി വച്ച 13 കോൺഗ്രസ് എംഎൽഎമാരിൽ 9 പേർക്കെതിരെയും അയോഗ്യതാ നടപടിക്ക് നേരത്തേ പാർട്ടി സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.

# വിമത എംഎൽഎ ബൈരാത്തി ബസവരാജ് സ്പീക്കറുടെ ഓഫീസിലേക്ക് ഓടിക്കയറുന്നു. 

# രാജി വച്ച 10 വിമത എംഎൽഎമാർ വിധാൻ സൗധയിലെത്തി. എംഎൽഎമാരെത്തിയത് കനത്ത പൊലീസ് കാവലിൽ. 

# യെദ്യൂരപ്പയും സംഘവും വിധാൻ സൗധയിൽ. പ്രധാന കവാടം ഉപേക്ഷിച്ച് മറ്റൊരു ഗെയ്റ്റിലൂടെയാണ് യോഗത്തിന് എത്തിയത്. സ്പീക്കർ യെദ്യൂരപ്പയെയും ബിജെപി എംഎൽഎമാരെയും കാണാൻ തയ്യാറായില്ല. സ്പീക്കറുടെ ചേംബറിലേക്ക് കയറാൻ ശ്രമിച്ച യെദ്യൂരപ്പയെയും സംഘത്തെയും പൊലീസ് തട‌ഞ്ഞു. പ്രതിഷേധം. 

# നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ധനകാര്യബില്ലവതരണത്തിൽ ബിജെപി വോട്ടെടുപ്പ് ആവശ്യപ്പെടും. കോൺഗ്രസും ജെഡിഎസ്സും വിമതരടക്കമുള്ള എല്ലാ എംഎൽഎമാർക്കും വിപ്പ് നൽകി. (രാജി വച്ച എംഎൽഎമാരുടെ കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കാതിരിക്കുകയോ, രാജി അംഗീകരിക്കാതിരിക്കുകയോ ചെയ്താൽ, വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുന്ന എംഎൽഎമാർ അയോഗ്യരാകും. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരായാൽ പിന്നെ ആറ് വർഷത്തേക്ക് തെര‌ഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. അതിനാലാണ് എല്ലാവർക്കും വിപ്പ് നൽകുന്നത്.)

# വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ടാലും സർക്കാരിന് പ്രശ്‌നമില്ലെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ.

Follow Us:
Download App:
  • android
  • ios