കൊച്ചി: കൊച്ചിയിൽ കാൽനടയാത്രക്കാരനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച സംഭവത്തില്‍ കാർ ഡ്രൈവർ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശി നഹാസിനെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെയാണ് സംഭവമുണ്ടായത്. ഇടപ്പള്ളി മരോട്ടിച്ചോടിൽ നിന്നും പാലാരിവട്ടം ഭാഗത്തേക്ക് സർവ്വീസ് റോ‍ഡിലൂടെ വന്ന സ്വിഫ്റ്റ് ഡിസയർ ടാക്സി കാറാണ് വഴിയാത്രക്കാരനായ നിശാന്തിനെ ഇടിച്ചത്. കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണ നിശാന്തിനെയും കൊണ്ട് അരക്കിലോമീറ്ററോളം കാർ അമിതവേഗത്തിൽ നിർത്താതെ ഓടിച്ചു. ബോണറ്റിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്‍റെ കാലിലൂടെ കാർ കയറ്റിയിറക്കി. 

കാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ നിഷാന്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിശാന്തിന്റെ പരാതിയെ തുടർന്ന് എളമക്കര പൊലീസ് സിസിടിവി പരിശോധിച്ചപ്പോഴാണ് അപകടത്തിന്റെ ക്രൂരത വെളിവാകുന്ന ദൃശ്യങ്ങൾ ലഭിച്ചത്.