സൗജന്യ കുടിവെള്ള ഓഫര്‍ തേടി അരിമാവ് കടയ്ക്ക് മുന്നില്‍ തിരക്കേറുകയാണ്. ഒരു കിലോ അരിമാവിന് 35 രൂപയാണ് വാങ്ങിക്കുന്നത്. ഇതില്‍ നിന്ന് മൂന്ന് രൂപയേ വെള്ളത്തിനായി ചിലവ് വരുന്നുള്ളുവെന്നും ദമ്പതികൾ

ചെന്നൈ: വരള്‍ച്ചാ പ്രശ്നം കച്ചവടത്തെ ബാധിച്ച് തുടങ്ങിയതോടെ കടയിലേക്ക് ആളുകളെ എത്തിക്കാന്‍ പുതിയ വഴി തേടിയിരിക്കുകയാണ് ചെന്നൈയിലെ തെലുങ്കു ദമ്പതികള്‍. ഒരു കിലോ മാവിന് ഒരു കുടം വെള്ളം സൗജന്യമായി നല്‍കിയാണ് ഇവര്‍ ബിസിനസ് പൊടിപൊടിക്കുന്നത്. 

സൗജന്യ കുടിവെള്ള ഓഫര്‍ തേടി ഗുപ്ത, ശ്രീലത ദമ്പതികളുടെ അരിമാവ് കടയ്ക്ക് മുന്നില്‍ തിരക്കേറുകയാണ്. 1952 മുതല്‍ ചെന്നൈയിൽ താമസമാക്കിയ ഗുപ്ത, ശ്രീലത ദമ്പതികൾ 40 വര്‍ഷമായി നടത്തി വരുന്ന സ്ഥാപനത്തിൽ കച്ചവടം പ്രതിസന്ധിയിലായത് വരൾച്ച കനത്തതോടെയാണ്.

വെള്ളമില്ലാത്തതിനാല്‍ ജോലിക്കാര്‍ രണ്ട് മണിക്കൂര്‍ വരെ താമസിച്ചാണ് എത്തിയിരുന്നത്. ഇവര്‍ക്കെല്ലാം സഹായം എന്ന് കൂടി കണക്കുകൂട്ടിയാണ് ഈ ആശയം തുടങ്ങിയതെന്ന് ശ്രീലത പറയുന്നു. ആഴ്ചയില്‍ രണ്ട് തവണ വാട്ടര്‍ടാങ്കറില്‍ നിന്ന് വെള്ളം വാങ്ങിക്കും. 12000 ലിറ്റര്‍ ലഭിക്കും. ദിവസേന 2000 ലിറ്ററേ അരി അരയ്ക്കാന്‍ മറ്റും ആവശ്യമുള്ളൂ. ബാക്കിയുള്ള 6000 ലിറ്ററാണ് വിതരണം ചെയ്യുന്നത്.

ഒരു കിലോ അരിമാവിന് 35 രൂപയാണ് വാങ്ങിക്കുന്നത്. 25 ശതമാനത്തോളം ലാഭമുണ്ട്. ഇതില്‍ നിന്ന് മൂന്ന് രൂപയേ വെള്ളത്തിനായി ചിലവ് വരുന്നുള്ളുവെന്നും ദമ്പതികൾ പറയുന്നു. ഒരു ദിവസം 200 കിലോ മാവ് വരെ വിറ്റുപോകും. വെള്ളം കൊണ്ടുപോകാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വന്നും സ്വീകരിക്കാം. ജനങ്ങള്‍ക്ക് ഒരു സേവനം കൂടിയാകുമല്ലോ എന്ന് കരുതിയെന്നും പറയുന്നു ഗുപ്തയും ശ്രീലതയും.