ചെന്നൈ: വരള്‍ച്ച രൂക്ഷമായതോടെ തമിഴ്നാട്ടില്‍ സ്കൂളുകളുടെയും ആശുപത്രികളുടേയും അടക്കം പ്രവര്‍ത്തനം താളം തെറ്റുന്നു. ജലക്ഷാമം രൂക്ഷമായതോടെ ചെന്നൈ താംബരത്തെ സ്വകാര്യ സ്കൂൾ തൽക്കാലത്തേക്ക് അടച്ചിടാൻ തീരുമാനം. കുടിവെള്ളം ലഭിക്കാത്തതിനാല്‍ ചെന്നൈയില്‍ സ്ത്രീകള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. 

ജലക്ഷാമം ജനജീവിതത്തെ പ്രതിസന്ധിയിലാക്കുകയാണ്. കുഴല്‍ കിണറുകളില്‍ പോലും വെള്ളം ഇല്ല. ഭൂഗര്‍ഭജലവിതാനം കൃമാതീതമായി താഴ്ന്നു. ചെന്നൈ താംബരത്തെ സ്വകാര്യസ്കൂള്‍ തല്‍ക്കാലത്തേക്ക് അടയ്ക്കാന്‍ തീരുമാനിച്ചു. ചെന്നൈയ്ക്ക് പുറമേ മധുര കാഞ്ചീപുരം വെല്ലൂര്‍ എന്നിവിടങ്ങളിലെ മിക്ക സ്കൂളുകളിലും പ്രവര്‍ത്തന സമയം ഉച്ച വരെയാക്കി ചുരുക്കി.

സര്‍ക്കാര്‍ ആശുപത്രികളിലെ ശുചിമുറിയില്‍ പോലും വെള്ളമില്ല. ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും തികയുന്നില്ല. ഹോട്ടലുകളും നിര്‍മ്മാണ മേഖലയും സ്തംഭനത്തിലായതോടെ തൊഴിലാളികള്‍ ചെന്നൈയില്‍ നിന്ന് മടങ്ങേണ്ട ഗതികേടിലാണ്. ഗ്രാമീണമേഖലകളിലും സ്ഥിതി സമാനം.

എന്നാല്‍, വരള്‍ച്ചയെ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നുവെന്നാണ് സര്‍ക്കാര്‍ വിമര്‍ശനം.തുടര്‍ച്ചയായ ഏഴാം ദിവസവും 40 ഡിഗ്രിക്ക് മുകളിലാണ് ചെന്നൈയിലെ താപനില.ഒരാഴ്ച്ചയ്ക്കുള്ളില്‍ മഴ എത്തുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനത്തിലാണ് പ്രതീക്ഷ.

ജലക്ഷാമം രൂക്ഷമായതിനാല്‍ ചെന്നൈയിലെ നിരവധി ഹോട്ടലുകളും ഐടി കമ്പനികളും പൂട്ടിയെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കുടിവെള്ള ക്ഷാമം നേരിടാന്‍ മേഖലകള്‍ തിരിച്ച് ജലവിതരണം കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ജലക്ഷാമം സംബന്ധിച്ച് തെറ്റായ റിപ്പോര്‍ട്ടുകള്‍ പരക്കുന്നുണ്ട്. ഐടി ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി  ചെയ്യാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മന്ത്രി എസ്പി വേലുമണി പറഞ്ഞിരുന്നു. 

സ്വകാര്യ ടാങ്കറുകള്‍ അമിത വില ഈടാക്കുന്നത് നിയന്ത്രിക്കാന്‍ പ്രത്യേക സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മേഖലകള്‍ തിരിച്ച് ജലവിതരണം ഉറപ്പ് വരുത്തുന്നുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളിൽ  കിഴക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ചെന്നൈയിലേക്ക് എത്തുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനത്തിലാണ് എല്ലാവരുടേയും പ്രതീക്ഷ. 

എന്നാൽ, തൊഴില്‍ നഷ്ടപ്പെട്ട് നിരവധി പേര്‍ ചെന്നൈയില്‍ നിന്ന് മടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ തമിഴ്നാട് സര്‍ക്കാര്‍ തള്ളി. അതേസമയം അടുത്ത രണ്ട് ദിവസങ്ങളില്‍ ചെന്നൈയില്‍ താപനില ആറ് ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്നാണ് പ്രവചനം. വടക്കന്‍ തമിഴ്നാട്ടില്‍ ഉഷ്ണക്കാറ്റിനും സാധ്യതയുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും പൊതുജനങ്ങൾ അമിത താപത്തിനെതിരെ ജാഗ്രത പുലർത്തണമെന്നും സർക്കാർ നിർദേശിച്ചു. 

വരള്‍ച്ച നേരിടാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഒന്നും ചെയ്തില്ലെന്നും ജല സംരക്ഷണത്തിന് മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തത് വീഴ്ചയായെന്നും കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വിലയിരുത്തിയിരുന്നു. ജലക്ഷാമം നേരിടാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.