ദില്ലി: ഉത്തരേന്ത്യയിലെ കനത്ത ചൂട് രണ്ട് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് കനത്ത ചൂട് തുടരുന്നത്. രണ്ട്  ദിവസത്തിന് ശേഷം താപനിലയിൽ ചെറിയ കുറവ് ഉണ്ടാകും. 30 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഉഷ്ണതരംഗത്തിലൂടെയാണ് ഉത്തരേന്ത്യ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. 

ഉഷ്ണതരംഗത്തിന്റെ  പശ്ചാത്തലത്തിൽ പല  സംസ്ഥാനങ്ങളും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. നേരിട്ട് സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. കനത്ത ചൂടിൽ ഇതുവരെവിവിധ സംസ്ഥാനങ്ങളിലായി 32 പേർ മരിച്ചു. 

ബംഗാൾ ഉൾക്കടലിൽ നിന്നും ഉത്തരന്ത്യേയിലേക്ക് വീശുന്ന കിഴക്കൻ കാറ്റ് ശക്തിപ്രാപിക്കുന്നതോടെ ഉഷണ തരംഗത്തിന് ശമനം ഉണ്ടാകുമെന്നാണ് നിഗമനം. രണ്ടു ദിവസത്തിന് ശേഷം ചെറിയ മഴ ഉണ്ടാകും. അതെ സമയം രാജ്യ തലസ്ഥാനമായ ദില്ലിയിൽ കഴിഞ്ഞ ദിവസത്തെക്കാൾ ചൂട് ഇന്ന് കുറഞ്ഞിട്ടുണ്ട്.

അതേസമയം ഉത്തരേന്ത്യ കനത്ത ചൂടില്‍ ചൂട്ടുപൊള്ളുമ്പോള്‍ തെക്കേയിന്ത്യയിലും കൊങ്കണ്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്. അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റിന്‍റെ സാന്നിധ്യത്തെ തുടര്‍ന്ന് അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കന്യാകുമാരി മുതല്‍ ഗുജറാത്ത് വരെയുള്ള മേഖലകളിലുണ്ടായത്. 

വായു ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് മാറിയതോടെ തെക്കേയിന്ത്യയിലെ അറബിക്കടല്‍ തീരമേഖലകളില്‍ മഴ കുറഞ്ഞിട്ടുണ്ട്. അതേസമയം ഗുജറാത്തിലും മഹരാഷ്ട്രയുടെ തെക്കന്‍ ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനമനുസരിച്ച് അതി തീവ്ര ചുഴലിക്കാറ്റായ 'വായു 'കരയിൽ പ്രവേശിക്കാതെ സൗരാഷ്ട തീരത്തിന് സമാന്തരമായി മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ ഇന്ന് ഉച്ചക്ക് ശേഷം കടന്നു പോകും.

അമ്രേലി, ഗിർ സോംനാഥ്, ദിയു, ജുനാഗർ, പോർബന്ദർ, രാജ്കോട്ട്, ജാംനഗർ, ദേവ്ഭൂമി ദ്വാരക, കച്ച് എന്നീ പ്രദേശങ്ങളെ ചുഴലിക്കാറ്റ് കാര്യമായി ബാധിക്കാനാണ് സാധ്യത. ഗുജറാത്തിന് സമാന്തരമായി നീങ്ങുന്ന ചുഴലിക്കാറ്റ് പാകിസ്ഥാന്‍ തീരമേഖലയില്‍ എത്തും മുന്‍പേ തന്നെ ശക്തി കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാവും എന്നാണ് പ്രതീക്ഷിക്കുന്നത്. വായു ചുഴലിക്കാറ്റ് ഗുജറാത്ത്‌ തീരം തൊടാതെ തന്നെ കടലിൽ അവസാനിക്കും എന്നാണ് അമേരിക്കന്‍ കാലാവസ്ഥാ വിദഗ്ദരുടേയും പ്രവചനം.