സുപ്രീംകോടതി നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക് മാറുന്നു. രണ്ടാഴ്ചത്തേക്ക് എല്ലാ കോടതികളുടെയും പ്രവർത്തനം വെർച്വലാക്കി. 

ദില്ലി: ഒമിക്രോണ്‍ വ്യാപനം (Omicron) കൂടിവരുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയുടെ (Supreme Court) പ്രവര്‍ത്തനം പൂര്‍ണമായി വീണ്ടും വെര്‍ച്വൽ സംവിധാനത്തിലേക്ക് മാറുന്നു. രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം (Covid) കോടതികൾ ഭാഗികമായി സാധാരണ നിലയിലേക്ക് മാറിയിരുന്നു. എന്നാൽ കൊവിഡ് കേസുകൾക്കൊപ്പം ഒമിക്രോണ്‍ കേസുകൾ കൂടി കൂടുന്ന സാഹചര്യത്തിലാണ് നാളെ മുതൽ രണ്ടാഴ്ചത്തേക്ക് പൂര്‍ണമായി വെര്‍ച്വൽ നടപടികളിലേക്ക് മാറാനുള്ള തീരുമാനം. 

രണ്ടാഴ്ചക്ക് ശേഷം സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തുടര്‍ നടപടികൾ ആലോചിക്കുമെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ദില്ലി ഹൈക്കോടതിയും പൂര്‍ണമായി വെര്‍ച്വൽ സംവിധാനത്തിലേക്ക് മാറിയിരുന്നു. 

കൊവിഡ് 19 ( Covid 19 ) രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Variant ) . പോയ മാസം ദക്ഷിണാഫ്രിക്കയിലാണ് ( South Africa ) ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ശേഷം ചുരുങ്ങിയ സമയത്തിനകം തന്നെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു.

നേരത്തേ ശക്തമായ കൊവിഡ് തരംഗങ്ങള്‍ക്ക് ഇടയാക്കിയ ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താനാകുമെന്നതാണ് ഒമിക്രോണിന്റെ സവിശേഷത. ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കുന്നതായിരുന്നു ഡെല്‍റ്റ വകഭേദവും. ഇതിനെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയിലെന്ന് പറയുമ്പോള്‍ ഒമിക്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളി ഊഹിക്കാവുന്നതേയുള്ളൂ. 

ഒമിക്രോണിന്റെ വരവോട് കൂടി രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടായേക്കുമെന്ന വിലയിരുത്തലുകള്‍ക്ക് ആക്കം കൂടി. ഇപ്പോഴിതാ ആകെ ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത്, 1,500 കടന്നിരിക്കുന്നു. അതിവേഗത്തിലാണ് ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. 

ഒമിക്രോണ്‍ മാത്രമല്ല, ആകെ കൊവിഡ് കേസുകളിലും രാജ്യത്ത് വര്‍ധനവാണ് കാണുന്നത്. ഒമിക്രോണ്‍ കേസുകളാണെങ്കില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. തുടക്കം മുതല്‍ തന്നെ മഹാരാഷ്ട്രയാണ് ഇതില്‍ മുന്നില്‍ ഉണ്ടായിരുന്നത്. നിലവില്‍ 460 ഒമിക്രോണ്‍ കേസുകളാണ് മഹാരാഷ്ട്രയില്‍ നിന്നുള്ളത്. 

പിന്നാലെ ദില്ലി (351), ഗുജറാത്ത് (136 ), തമിഴ് നാട് (117), കേരളം (109) എന്നിങ്ങനെയാണ് വരുന്നത്. ആകെ കൊവിഡ് കേസുകളാണെങ്കില്‍ ദില്ലി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ഉയരുന്നത്.