മിദ്ദ്യയുടെ മൃതദേഹവുമായി വിലാപയാത്ര നടത്താൻ പൊലീസ് അനുമതി നിഷേധിച്ചതോടെ കൊൽക്കത്ത നഗരത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു...
കൊൽക്കത്ത: ഫെബ്രുവരി 11 ന് കൊൽക്കത്തയിൽ തൊഴിലവസരങ്ങൾ ആവശ്യപ്പെട്ട് നടത്തിയ റാലിക്കിടെ പൊലീസ് മർദ്ദനമേറ്റ ഡിവൈഎഫ്ഐ പ്രവർത്തകൻ ആശുപത്രിയിൽ മരിച്ചു. മർദ്ദനമേറ്റതിന് പിന്നാലെ 33 കാരനായ മൈദുൽ ഇസ്ലാം മിദ്ദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം ആന്തരിക പരിക്കുകളില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് പൊലീസ് പറഞ്ഞു.
എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. മിദ്ദ്യയുടേത് കൊലപാതകമാണെന്ന് ആരോപിച്ച സിപിഎം പൊലീസ് അതിക്രമത്തിനെതിരെ രംഗത്തെത്തി. അതേസമയം മിദ്ദ്യയുടെ മരണത്തിൽ അപലപിച്ച മുഖ്യമന്ത്രി മമതാ ബാനർജി കുടുംബത്തിന് സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറായ മിദ്ദ്യയ്ക്ക് അമ്മയും ഭാര്യയും രണ്ട് പെൺകുട്ടികളുമാണ്.
മിദ്ദ്യയുടെ മൃതദേഹവുമായി വിലാപയാത്ര നടത്താൻ പൊലീസ് അനുമതി നിഷേധിച്ചതോടെ കൊൽക്കത്ത നഗരത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധത്തിൽ പൊലീസുകാർക്ക് പരിക്കേറ്റു. റോഡ് ഗതാഗതം സ്തംഭിക്കുകയും നിരവധി വസ്തുക്കൾ തകർക്കുകയും ചെയ്തു.
മിദ്ദ്യയെ പൊലീസ് കൊലപ്പെടുത്തിയതെന്ന് സിപിഎം ആരോപിച്ചു. കിഡ്നി തകരാരുമൂലമാണ് മിദ്ദ്യയുടെ മരണമെന്നും ഇത് പൊലീസ് മർദ്ദനത്തിൽ സംഭവിച്ചതാകാമെന്നും പരിശോധിച്ച ഡോക്ടറും സിപിഎം പ്രവർത്തകനുമായ ഡോ ഹാലിം പറഞ്ഞു. അതിക്രൂരമായി പൊലീസ് മിദ്ദ്യയെ മർദ്ദിച്ചിരുന്നുവെന്നാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർക്കരുടെ ആരോപണം.
