കശ്മീ‌‌‌ർ: ഇന്ത്യാ പാക് അതിർത്തിയിൽ വീണ്ടും ഭൂചലനം, ഉച്ചയ്ക്ക് 12.31ഓടെയാണ് റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പാക് അധീന കശ്മീരിലെ മിർപ്പൂരിലാണ് ഭൂമികുലുക്കമുണ്ടായത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തുണ്ടായ ഭൂചലനത്തിൽ 38 പേർക്ക് ജീവൻ നഷ്ടമാകുകയും കെട്ടിടങ്ങൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. 

തുടർച്ചയായ ദിവസങ്ങളിലുണ്ടായ ഭൂചലനങ്ങളെ തുടർന്ന് പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. മുൻകരുതലെന്ന നിലയിൽ ചില ആശുപത്രികളിൽ നിന്ന് രോഗികളെ മാറ്റിപാർപ്പിച്ചു. കഴിഞ്ഞ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ഭൂചലനമുണ്ടായത്.