മദ്യനയ അഴിമതിയുടെ ഭാഗമായി ലഭിച്ച ഹവാല പണം പഞ്ചാബിലും ഗോവയിലും അസംബ്ലി തെരഞ്ഞെടുപ്പുകൾക്ക് ഉപയോഗിച്ചുവെന്ന് ഇഡി
ദില്ലി: മദ്യനയ കേസിൽ അറസ്റ്റിലായ കെജ്രിവാളിന് ദില്ലി റോസ് അവന്യൂ കോടതിയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ബിപി കുറഞ്ഞ ഇദ്ദേഹത്തെ കോടതി മുറിയിൽ നിന്ന് വിശ്രമ മുറിയിലേക്ക് മാറ്റി. കുറച്ച് നേരം ഇവിടെ കഴിഞ്ഞ അദ്ദേഹത്തെ പിന്നീട് നില മെച്ചപ്പെട്ടതിനാൽ കോടതി മുറിയിലേക്ക് തിരികെ എത്തിച്ചു. കോടതിയിൽ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. അറസ്റ്റിനെ ന്യായീകരിച്ച ഇഡി കോടതിയിൽ അരവിന്ദ് കെജ്രിവാളിനും എഎപിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. മദ്യനയക്കേസ് 100 കോടിയുടെ അഴിമതിയല്ല, മറിച്ച് 600 കോടിയുടെ അഴിമതിയാണെന്ന് പറഞ്ഞ ഇഡി, കെജ്രിവാളായിരുന്നു ഇതിന്റെ കിങ്പിൻ എന്നും എഎപിയായിരുന്നു ഗുണഭോക്താവെന്നും ഹവാല പണം ഉപയോഗിച്ചെന്നും കുറ്റപ്പെടുത്തി.
ഇഡി വാദങ്ങൾ
പിഎംഎൽഎ പ്രകാരമുള്ള നടപടികൾ പാലിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഇഡി വിശദീകരിച്ചു. മദ്യ നയ രൂപീകരണത്തിനും ലൈൻസസ് അനുവദിക്കുന്നതിനും എഎപി നേതാക്കൾ കോഴ വാങ്ങി. നയത്തിനായി രൂപീകരിച്ച സമിതി നിഴൽ സമിതി മാത്രമായിരുന്നു. കെജ്രിവാളിന്റെ നേതൃത്വത്തിലാണ് നടപടികൾ നടന്നത്. സൗത്ത് ഗ്രൂപ്പിനായി വഴിവിട്ട ഇടപെടലുണ്ടായി. കെജ്രിവാളിന് മദ്യ നയ രൂപീകരണത്തിൽ നേരിട്ട് പങ്കുണ്ട്. കെ കവിതക്ക് വേണ്ടി സൗജന്യങ്ങൾ നൽകി. ഇതിന് വാട്സ്ആപ്പ് ചാറ്റടക്കം തെളിവുണ്ട്. കെജ്രിവാളായിരുന്നു അഴിമതിയുടെ കിങ് പിൻ. വിജയ് നായര്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകൾക്ക് അഴിമതിയിലൂടെ ലഭിച്ച പണം എഎപി ഉപയോഗിച്ചുവെന്നും കുറ്റപ്പെടുത്തുന്നുണ്ട് ഇഡി.
ഗോവ തെരഞ്ഞെടുപ്പിന് 45 കോടി രൂപ ഉപയോഗിച്ചു. ശരത് റെഡി സോനം സാക്ഷിയുടെ മൊഴിയുണ്ട്. റിമാൻഡ് അപേക്ഷയിൽ വാട്സ് ആപ്പ് ചാറ്റുകളുമുണ്ട്. ഹവാല വഴിയും പണമിടപാട് നടന്നു. ചെന്നൈയിൽ നിന്ന് ദില്ലിക്ക് പണം എത്തിക്കും, പിന്നീട് ഗോവയ്ക്ക് കൊണ്ടു പോവുകയായിരുന്നു. എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ്. പിഎംഎൽഎ നിയമ പ്രകാരം എഎപി ഒരു കമ്പനിയാണ്. എഎപിക്ക് കിട്ടിയ അഴിമതി പണത്തിന്റെ ഉത്തരവാദിത്വം കെജ്രിവാളിനുണ്ട്. പാർട്ടിയുടെ ഭരണഘടന പ്രകാരം ഉന്നത പദവി കെജ്രിവാളിനുണ്ട്. ഇദ്ദേഹത്തിനെതിരെ മതിയായ തെളിവുണ്ടെന്നും ഇഡി വാദിക്കുന്നു. എന്നാൽ സേര്‍ച്ച് നടപടിയിൽ കെജ്രിവാൾ സഹകരിച്ചില്ലെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ഇഡി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഡിജിറ്റൽ തെളിവുകളുടെ കൂടെ അടിസ്ഥാനത്തിൽ അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യണം. അതിനായി കെജ്രിവാളിനെ പത്ത് ദിവസം കസ്റ്റഡിയിൽ വിടണമെന്നും 43 മിനിറ്റി നീണ്ട വാദത്തിൽ ഇഡി ആവശ്യപ്പെട്ടു.
കെജ്രിവാളിനായി മനു അഭിഷേക് സിംഗ്‌വി
കെജ്രിവാളിനെ നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു തെളിവും കേസിൽ ഇല്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. നേരത്തെ ഉന്നയിച്ച കാര്യങ്ങളാണ് ഇഡി തെളിവായി ഉന്നയിക്കുന്നത്. എന്നാൽ പണം എങ്ങോട്ടൊക്കെ പോയെന്നതിന് തെളിവ് കണ്ടെത്താൻ ഇഡിക്ക് സാധിച്ചിട്ടില്ല. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി അറസ്റ്റിലാകുന്നത്. അതേ പാര്‍ട്ടിയുടെ നാല് മുതിര്‍ന്ന നേതാക്കളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തു. നിലവിലെ അറസ്റ്റിന്റേതായ അടിയന്തിര സാഹചര്യം എന്തായിരുന്നുവെന്ന് ഇഡി പറയുന്നില്ല. അറസ്റ്റും ചോദ്യം ചെയ്യലും രണ്ടാണ്. അന്വേഷണ ഏജൻസി പറയുന്നത് കേൾക്കുന്ന റബ്ബര്‍ സ്റ്റാമ്പല്ല കോടതി. അതിനാൽ തന്നെ റിമാന്റ് ചെയ്യുന്നതിൽ വിവേചന അധികാരം കോടതിക്ക് ഉണ്ട്. വലിയ വ്യവസായികളാണ് കേസിലെ സാക്ഷികളെന്നും സിംഗ്‌വി പറഞ്ഞു. ഇതോടെ സിംഗ്‌വിയുടെ വാദം നീളുന്നതിൽ അതൃപ്തിയുമായി ഇഡി അഭിഭാഷകൻ എഴുന്നേറ്റു. ഈ ഘട്ടത്തിൽ മറ്റ് വാദങ്ങൾ ക്രോഡീകരിച്ച് നൽകാൻ കോടതി ആവശ്യപ്പെട്ടു.
