ദില്ലിയിലെ ഗ്രേറ്റർ കൈലാഷ് ഏരിയയിലെ ആഡംബര വീടും സ്വന്തമാക്കി. ഇയാളുടെ സ്വത്തുക്കളിൽ വലിയ വർധനവാണുണ്ടായത്. 2019 ഫെബ്രുവരി 22 മുതൽ ജൂലൈ വരെ ഡിപിഐഐടി സെക്രട്ടറിയായി ജോലി ചെയ്തത്.
ദില്ലി: സർവീസിലിരിക്കെ സമ്പാദിച്ചതിനേക്കാൾ പത്തിരട്ടി പണം വിരമിച്ച ശേഷം സ്വന്തമാക്കിയ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഇടപാടുകൾ അന്വേഷിക്കാൻ ഇഡിയും സിബിഐയും. ബിഹാർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ രമേഷ് അഭിഷേകിന്റെ ഇടപാടുകളാണ് പരിശോധിക്കുന്നത്. വിരമിച്ച ശേഷം പത്തിലധികം കമ്പനികളിൽ നിന്ന് കൺസൾട്ടിംഗ് ഫീസ് ഇനത്തിലാണ് ഇയാൾ കോടികൾ സമ്പാദിച്ചത്. വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചെന്നാണ് വിലയിരുത്തൽ.
മുൻ ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (ഡിപിഐഐടി) സെക്രട്ടറിയായിരുന്നു ഇയാൾ. എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം ചൊവ്വാഴ്ച സിബിഐ അദ്ദേഹത്തിൻ്റെ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഡിപിഐഐടി സെക്രട്ടറിയോ ഫോർവേഡ് മാർക്കറ്റ് കമ്മീഷൻ ചെയർമാനോ ആയിരിക്കുമ്പോൾ ഇടപാടുകൾ നടത്തിയിരുന്ന വിവിധ സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും കൺസൾട്ടിംഗ്, പ്രൊഫഷണൽ ഫീസായും വലിയ തുകയാണ് ഇയാൾ ഈടാക്കിയിരുന്നതെന്ന് സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ പറയുന്നു.
വിരമിച്ചതിന് ശേഷം 15 മാസത്തിനുള്ളിൽ തനിക്ക് 2.7 കോടി രൂപ ലഭിച്ചുവെന്ന് ഇയാൾ സമ്മതിച്ചു. 2.26 ലക്ഷമായിരുന്നു ഇയാളുടെ അവസാന ശമ്പളം. വ്യവസായ ഡിപ്പാർട്ട്‌മെൻ്റ് ആൻ്റ് ഇൻ്റേണൽ ട്രേഡിൽ സെക്രട്ടറിയായി ജോലി ചെയ്യുമ്പോൾ കുറഞ്ഞത് 16 കമ്പനികൾക്കെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
ദില്ലിയിലെ ഗ്രേറ്റർ കൈലാഷ് ഏരിയയിലെ ആഡംബര വീടും സ്വന്തമാക്കി. ഇയാളുടെ സ്വത്തുക്കളിൽ വലിയ വർധനവാണുണ്ടായത്. 2019 ഫെബ്രുവരി 22 മുതൽ ജൂലൈ വരെ ഡിപിഐഐടി സെക്രട്ടറിയായി ജോലി ചെയ്തത്. അതിനുമുമ്പ്, ഫോർവേഡ് മാർക്കറ്റ് കമ്മീഷൻ ചെയർമാനായും നിയമിക്കപ്പെട്ടു. നിലവിൽ ആർബിഐയുടെ പരിശോധന നേരിടുന്ന പേടിഎമ്മിലെ മൂന്ന് സ്വതന്ത്ര ഡയറക്ടർമാരിൽ ഒരാളാണ് അഭിഷേക്.
