ദില്ലി: മധ്യപ്രദേശിലെ നിവാരിയിൽ  200 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറിൽ വീണ മൂന്ന് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നു. അൻപത് മണിക്കൂറിലേറിയായി കുഴൽ കിണറിൽ കുടുങ്ങിയ കുഞ്ഞിന്റെ ആരോഗ്യനില  മോശമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.  

കഴിഞ്ഞ ബുധനാഴ്ച്ചയാണ് വീടിന് സമീപം വയലിൽ കളിച്ചുകൊണ്ടിരിക്കെ മൂന്നു വയസുകാരൻ പ്രഹ്ലാദ് അബദ്ധത്തിൽ കുഴിയിൽ വീണത്. മാതാപിതാക്കൾ നടത്തിയ തെരച്ചിലിനൊടുവിലാണ് കുഴല്‍ക്കിണറിൽ വീണത് കണ്ടത്. രക്ഷപ്രവർത്തനത്തിന് പൊലീസും ദുരന്ത നിവാരണസേനയുമെത്തി. സംസ്ഥാനം ആവശ്യപ്പെട്ടതിന് പിന്നാലെ സൈന്യം എത്തി.

സമാന്തരമായി കുഴി എടുത്ത് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സിസിടിവി ക്യാമറ ഉപയോഗിച്ച് കുട്ടി നില്‍ക്കുന്നയിടം വ്യക്തമായി. 58 അടി താഴ്ച്ചയിലാണ് കുഞ്ഞ് ഉള്ളത്. ഇവിടേക്ക് എത്തുന്ന തരത്തിൽ സമാന്തരമായി കുഴി നിർമ്മിക്കുകയാണ്.  

എന്നാൽ കുഞ്ഞിന്റെ ആരോഗ്യനിലയാണ് ഇപ്പോൾ ആശങ്ക. നേരത്തെ കുട്ടി രക്ഷാപ്രവര്‍ത്തകരോട് സംസാരിച്ചെങ്കിലും ഇപ്പോൾ  പ്രതികരിക്കുന്നില്ലെന്നാണ് വിവരം. രക്ഷപ്രവർത്തനത്തിന് തടസ്സം ഉണ്ടാകാതിരിക്കാന്‍ ഗ്രാമത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകൾ സംഭവസ്ഥലത്തേക്ക് കൂട്ടമായി എത്തുന്നത് തടയാനാണിത്. കുഞ്ഞിനെ എത്രയും വേഗം പുറത്തെത്തിക്കുമെന്നും ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വീറ്റ് ചെയ്തു.