ദില്ലി: പരിസ്ഥിതി ആഘാത പഠനം കരട് വിജ്ഞാപനത്തിന്മേൽ കിട്ടിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിക്കാൻ വിദഗ്ധ സമിതിക്ക് രൂപം നൽകിയതായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം. ഡോ. എസ് ആര്‍ വത്തേയുടെ നേതൃത്വത്തിലുള്ള സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.

കേരള സര്‍ക്കാര്‍ അടക്കം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളും സമിതി പരിശോധിക്കും. വിദഗ്ധ സമിതി നൽകുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം ഇറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് വനംപരിസ്ഥിതിമന്ത്രാലയം വ്യക്തമാക്കി. ലോക്സഭയിൽ വി കെ ശ്രീകണ്ഠൻ എം പിക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് പരിസ്ഥിതി മന്ത്രാലയം വിദഗ്ധ സമിതി രൂപീകരിച്ചതായി അറിയിച്ചത്.

പരിസ്ഥിതി ആഘാത പഠനം 2020 കരട് വിജ്ഞാപനത്തിൽ കടുത്ത പ്രതിഷേധമാണ് ഉടലെടുത്തത്. ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾ കാണാതെയുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി വലിയ അപകടത്തിലേക്കെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.