Asianet News MalayalamAsianet News Malayalam

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം; എട്ട് യുവമോര്‍ച്ച നേതാക്കള്‍ രാജിവെച്ചു

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിക്ക് നേതാക്കള്‍ രാജിക്കത്ത് നല്‍കി. ലക്ഷദ്വീപിലെ നിയമ പരിഷ്ക്കാരങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. 

eight Yuva Morcha leaders resigned on protest against Lakshadweep administrator
Author
Kavaratti, First Published May 25, 2021, 10:16 PM IST

കവരത്തി: അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി പി മുഹമ്മദ് ഹാഷി അടക്കം എട്ട് നേതാക്കള്‍ രാജിവെച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിക്ക് നേതാക്കള്‍ രാജിക്കത്ത് നല്‍കി. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കിയ നിയമ പരിഷ്ക്കാരങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. ഇതിനിടെയാണ് ലക്ഷദ്വീപിലെ ബിജെപി നേതാക്കള്‍ തന്നെ  കൂട്ടരാജി നടത്തി പ്രതിഷേധിച്ചിരിക്കുന്നത്.

എന്നാല്‍ മുന്‍ നിശ്ചയിച്ച ഭരണപരമായ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കാനേ അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കുന്നുള്ളുവെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. ദ്വീപില്‍, സർക്കാർ ഡയറിഫാമുകൾ അടച്ച് പൂട്ടിയതിന് പിന്നാലെ അമൂൽ ഔട്ട്‍ലെറ്റിനായി സ്ഥലമേറ്റെടുക്കൽ നടപടികൾ തുടങ്ങി കഴിഞ്ഞു. അഡ്മിനിസ്ട്രേറ്ററുടെ മൊബൈലിലേക്ക് സന്ദേശം അയച്ചെന്ന് ആരോപിച്ച് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം ദ്വീപിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം ഹൈക്കോടതി തടഞ്ഞു. പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ഗവണ്‍മെന്‍റ് ജോലികള്‍ക്ക് നിയോഗിച്ച നടപടിയാണ് സ്റ്റേ ചെയ്തത്. അഡ്മിനിസ്ട്രേഷന്‍റെ നടപടി കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചെന്ന് പറഞ്ഞ കോടതി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ കോടതി അറിയുന്നുണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios