മുംബൈ: ഏക്നാഥ് ഗെയ്‍ക്‍വാദിനെ മുംബൈ കോൺഗ്രസ്‌ ആക്ടിങ്ങ് പ്രസിഡന്‍റായി നിയമിച്ചു. ലോക്‍സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മിലിന്ദ് ദേവ്‌റ അധ്യക്ഷസ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് നിയമനം. രണ്ടു തവണ എംപിയായ ഏക്നാഥ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്‍റെ സ്ക്രീനിങ് കമ്മറ്റി ഉൾപ്പെടെ ഹൈക്കമാൻഡ് പുനസംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിന് വേണ്ട പ്രവർത്തനങ്ങളിൽ മുംബൈയിൽ കോൺഗ്രസ് ഏറെ പിന്നിലാണെന്ന വിമർശനത്തിനിടെയാണ് പുതിയ നിയമനം.