കോയമ്പത്തൂര്‍: അസുഖങ്ങള്‍ മൂലം കിടപ്പിലായാല്‍ ബന്ധുക്കളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാതിരിക്കുക, ഇനി മരിച്ചുപോയാല്‍ മരാണാനന്തര ചടങ്ങുകള്‍ക്കായി ഈ പണം ഉപയോഗിക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് ഇല്ലായ്മകള്‍ക്കിടയിലും വരുമാനത്തില്‍ നിന്ന് മിച്ചംപിടിച്ച് സമ്പാദ്യമൊരുക്കാന്‍ വൃദ്ധ സഹോദരിമാരെ പ്രേരിപ്പിച്ചത്. എന്നാല്‍ അനാരോഗ്യം തടസ്സമായിരുന്നിട്ടും കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിന് കടലാസിന്‍റെ വിലപോലുമില്ലെന്ന് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് തമിഴ്നാട് സ്വദേശികളായ സഹോദരിമാര്‍, തങ്കമ്മാളും രംഗമ്മാളും. 

തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച 1000 ന്‍റെയും 500 ന്‍റെയും നോട്ടുകളാണ് ഇവര്‍ സൂക്ഷിച്ചത്. 78 -കാരിയായ 75 -കാരിയായ രംഗമ്മാളും ഒരുമിച്ചാണ് താമസിച്ചിരുന്നത്. പത്ത് വര്‍ഷത്തോളം ചെറുകിട ജോലികള്‍ ചെയ്ത് ലഭിച്ച പണമാണ് ഇവര്‍ ചികിത്സയ്ക്കും മരണാനന്തര ചടങ്ങുകള്‍ക്കുമായി സൂക്ഷിച്ചിരുന്നത്. ഏകദേശം 46,000 രൂപയാണ് ഇവരുടെ പക്കല്‍ നിന്നും ബന്ധുക്കള്‍ കണ്ടെടുത്തത്. നിരോധിച്ച 1000, 500 രൂപയുടെ നോട്ടുകളാണിവ.

ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ വീട്ടിലെത്തിയ ബന്ധുക്കളോട് തങ്ങളുടെ ചികിത്സയ്ക്കായി പണം സൂക്ഷിച്ച വിവരം ഇവര്‍ പറഞ്ഞു. അപ്പോഴാണ് ഈ നോട്ടുകള്‍ നിരോധിച്ചതായി തങ്കമ്മാളും രംഗമ്മാളും അറിയുന്നത്. തങ്കമ്മാള്‍ 22,000 രൂപയും രംഗമ്മാള്‍ 24,000 രൂപയുമാണ് സമ്പാദിച്ചത്.