ലഖ്നൗ: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വയോധികയെ ക്രൂരമായി മര്‍ദ്ദിച്ച അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള കവി നഗറിലാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

സെപ്റ്റംബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വയോധികയെ ആളുകൾ നോക്കി നിൽക്കെ, അയല്‍വാസി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയായ സുനില്‍ ചൗധരിയെ പൊലീസ് പിടികൂടിയത്. വയോധികയെ റോഡിലിട്ട് മർദ്ദിച്ചതിന് ശേഷം കസേരയെടുത്ത് സുനില്‍ ക്രൂരമായി മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന് പിന്നാലെ ഇയാള്‍ക്കെതിരെ വയോധികയുടെ മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വയോധികയെ അക്രമിച്ചത് അയല്‍വാസിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ തമ്മില്‍ നേരത്തെ വിവിധ കാര്യങ്ങളില്‍ തര്‍ക്കമുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.