വോട്ടിംഗിനായി ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കും എന്ന് ഇലക്ഷന്‍ തിയതികള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നില്ല

ദില്ലി: രാജ്യത്ത് ഇവിഎമ്മിനെതിരെ (ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം) വിമർശനം ഏറെക്കാലമായുണ്ട്. ഇവിഎമ്മില്‍ വോട്ടിംഗ് തിരിമറി സാധ്യമാണെന്നും അതിനാല്‍ ബാലറ്റ് പേപ്പർ വോട്ടിംഗിലേക്ക് മടങ്ങിപ്പോകണം എന്നുമാണ് വിമർശകർ ആവശ്യപ്പെടുന്നത്. ഒരു പൊതു തെരഞ്ഞെടുപ്പിനെ കൂടി രാജ്യം അഭിമുഖീകരിക്കേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് മാറാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചോ? ഇത്തവണ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാണോ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്?

പ്രചാരണം

2024 ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുക ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരിക്കും എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ ഇതിനായി തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി പോസ്റ്റില്‍ അവകാശപ്പെടുന്നു. ഒരു പത്രകട്ടിംഗ് സഹിതമാണ് പോസ്റ്റുകള്‍. 

വസ്തുത

ഇവിഎം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച് ലോക്സഭ തെരഞ്ഞടുപ്പ് നടത്താനാണ് നിലവിലെ തീരുമാനം. തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പർ ഉപയോഗിക്കണം എന്ന ഹർജി അടുത്തിടെ സുപ്രീംകോടതി തള്ളിയിരുന്നു. ഇക്കാരണങ്ങളാല്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം വ്യാജമാണ് എന്ന നിഗമനത്തിലെത്താം.

രാജ്യത്ത് ഏഴ് ഘട്ടമായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളുടെ വിജ്ഞാപനം പുറത്തുവന്നു. തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തില്‍ വോട്ടിംഗിനായി ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ ഒഴിവാക്കുന്നു എന്ന പ്രചാരണം മുമ്പും സാമൂഹ്യമാധ്യമങ്ങളിലുണ്ടായിരുന്നു. എന്നാല്‍ ഈ അഭ്യൂഹം ഇലക്ഷന്‍ കമ്മീഷനും കേന്ദ്ര സർക്കാരും പലതവണ തള്ളിക്കളഞ്ഞതാണ്. 

Read more: അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിനെതിരായ പ്രതിഷേധത്തിന്‍റെ ചിത്രമോ ഇത്? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം