ഭോപ്പാല്‍: ബിജെപിയുടെ വനിത സ്ഥാനാര്‍ത്ഥിക്കെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് നടത്തിയ 'ഐറ്റം' പരാമര്‍ശത്തില്‍ 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മധ്യപ്രദേശില്‍ 28 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന് തലവേദനയായി പുതിയ വിവാദം. 

''ഐറ്റം പരാമര്‍ശത്തില്‍ 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ താങ്കള്‍ക്ക് അവസരം നല്‍കുകയാണ്. ഇതില്‍ വീഴ്ചവരുത്തുന്നതനുസരിച്ച് മറ്റ് മുന്നറിയിപ്പുകളില്ലാതെ നടപടി സ്വീകരിക്കും''  നോട്ടീസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ദാബ്രയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി സ്ഥാനാര്‍ഥി ഇമാര്‍തി ദേവിക്കെതിരെ കമല്‍നാഥ് മോശം പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ബിജെപി പ്രത്യക്ഷ സമരവുമായി രംഗത്ത് ഇറങ്ങി.

കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപി ടിക്കറ്റില്‍ ദാബ്ര മണ്ഡലത്തില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ഥിക്കെതിരെ തിരഞ്ഞെടുപ്പ് റാലിയില്‍ കമല്‍ നാഥ് പറഞ്ഞത് ഇങ്ങനെ- 'ഞങ്ങളുടെ (കോണ്‍ഗ്രസിന്റെ) സ്ഥാനാര്‍ഥി എളിയവരില്‍ എളിയവനാണ്. ബിജെപി സ്ഥാനാര്‍ഥിയെ പോലെയല്ല, ഞാനെന്തിനാണ് അവരുടെ പേര് പറയാന്‍ മടിക്കുന്നത്. എന്നെക്കാള്‍ കൂടുതലായി നിങ്ങള്‍ക്ക് അവരെ അറിയാം. എന്തൊരു ഐറ്റമാണിവര്‍' ഇതായിരുന്നു കമല്‍നാഥിന്റെ പരാമര്‍ശം.

ഇതോടെ ബിജെപി സ്ഥാനാര്‍ഥിയുടെ പേര് യോഗത്തിന് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ വൈകാരികമായാണ് ബിജെപി സ്ഥാനാര്‍ത്ഥി ഇമാര്‍തി ദേവി രംഗത്ത് എത്തി. ദരിദ്ര കുടുംബത്തില്‍ പിറന്നതും, ദളിതായതുമാണോ എന്റെ കുറ്റം, ഇങ്ങനെ പറയുന്നവരെ കോണ്‍ഗ്രസില്‍ വച്ചു പൊറുപ്പിക്കരുതെന്ന് സോണിയ ഗാന്ധിയോട് ഞാന്‍ ആവശ്യപ്പെടും. അവരും ഒരു അമ്മയല്ലേ? ഇത്തരം പരാമര്‍ശം സ്ത്രീകള്‍ക്കെതിരെ മുതിര്‍ന്ന നേതാക്കള്‍ തന്നെ നടത്തിയാല്‍ സ്ത്രീകള്‍ എങ്ങനെ പൊതുപ്രവര്‍ത്തനം നടത്തും ഇമാര്‍തി ദേവി പ്രതികരിച്ചു.

ഇതിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനും കമല്‍നാഥിനെതിരെ രംഗത്ത് എത്തി. ദരിദ്രനായ ഒരു കര്‍ഷകന്റെ മകളാണ് ഇമാര്‍തി ദേവിയെന്നും ജീവിതം മുഴുവന്‍ ജനസേവനത്തിനായി ഉഴിഞ്ഞു വച്ച ഒരു സ്ത്രീയെ ഐറ്റം എന്നൊക്കെ വിളിക്കുന്നത് കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ മനോഭാവത്തെയാണ് കുറിക്കുന്നതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി പ്രതികരിച്ചു.