മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് ഉത്തരവ്. മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി വധശ്രമക്കേസിൽ ശിക്ഷിച്ചതോടെയാണ് ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ദില്ലി: ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിൽ അടുത്തമാസം 27 ന് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ചു. മുൻ എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷാനടപടി കേരള ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം. വിജ്ഞാപനമിറക്കുന്നത് മാറ്റിവയ്ക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. 

ലക്ഷദ്വീപ് മുൻ എം പി മുഹമ്മദ് ഫൈസിനെ കവരത്തി കോടതി വധശ്രമക്കേസിൽ ശിക്ഷിച്ചതോടെയാണ് ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ മേൽ കോടതിയിൽ അപ്പീലടക്കം ഇരിക്കെ ധൃതിപ്പിടിച്ചാണ് കമ്മീഷൻ തീരുമാനമെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നല്‍കിയത്. ഹൈക്കോടതി ഫൈസലിന്റെ ശിക്ഷവിധി മരവിപ്പിച്ച സാഹചര്യത്തിൽ ഈക്കാര്യം കണക്കിലെടുക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകുകയായിരുന്നു.

Also Read: ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

വധശ്രമ കേസിൽ മുഹമ്മദ് ഫൈസലിനെതിരായ കവരത്തി കോടതിയുടെ കുറ്റവും ശിക്ഷയും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. 15 മാസത്തേക്ക് മാത്രമായി വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന നിരീക്ഷണത്തോടെയായിരുന്നു വിധി. അതേസമയം, കേസിലെ മറ്റ് മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിധി ഹൈക്കോടതി മരവിപ്പിച്ചിട്ടില്ല. ഫൈസലിന്‍റെ സഹോരൻമാരായ ഒന്നാം പ്രതി നൂറുൽ അമീൻ, ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവരാണ് ജയിൽ മോചിതരാകുന്ന മറ്റുള്ളവർ.

YouTube video player

2009 ൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് നാല് പ്രതികളെ 10 വർഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.

അതേസമയം, ഫൈസലിനെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടറി ജനറൽ പുറത്തിറക്കിയ കത്ത് ഇതുവരെ പിന്നിവലിച്ചിട്ടില്ല. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസലിന്റെ അഭിഭാഷകൻ സുപ്രീംകോടതിക്ക് കത്തയച്ചിരുന്നു. ഇതിനിടെ ഫൈസലിന്റെ ശിക്ഷാ വിധി മരവിപ്പിച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്തുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അപ്പീൽ സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിക്കും.