ദില്ലി: രാജ്യത്തെ ഉപതെരഞ്ഞെടുപ്പുകൾ എല്ലാം മാറ്റിവെച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.  സാഹചര്യം കൂടി പരിഗണിച്ച് എട്ട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനാണ് തീരുമാനമെടുത്തത്. ചവറ ഉൾപ്പടെയുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് സപ്തംബർ 7 വരേക്ക് മാത്രമാണ് മാറ്റിവച്ചത്. മറ്റു മണ്ഡലങ്ങളുടെ തീരുമാനം നാളെയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് കുട്ടനാട്, ചവറ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതെങ്കിലും കുട്ടനാട് മണ്ഡലം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല. ഇതിൽ തീരുമാനം നാളെയുണ്ടായേക്കും. 

തോമസ് ചാണ്ടി, എൻ. വിജയൻ പിള്ള എന്നിവരുടെ നിര്യാണത്തെ തുടർന്നാണ് കുട്ടനാട്, ചവറ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ട സാഹചര്യമുണ്ടായത്. 2016 മെയിൽ അധികാരമേറ്റ പിണറായി വിജയൻ സർക്കാരിന്റെ കാലാവധി 2021 മെയ് മാസത്തിലാകും അവസാനിക്കുക. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിൽ താഴെ മാത്രമുള്ള സമയത്ത് ഏതെങ്കിലും സീറ്റ് ഒഴിവ് വന്നാൽ അവിടെ പിന്നെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന എന്ന തീരുമാനമെടുക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടത്തിലുണ്ട്. വിഷയത്തിൽ നാളെ തീരുമാനം ഉണ്ടായേക്കും. 

കൊവിഡ് പശ്ചാത്തലത്തിൽ നിലവിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും നിര്‍ബന്ധമെങ്കിൽ ആഗസ്റ്റിന് ശേഷം നടത്താമെന്നും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.