Asianet News MalayalamAsianet News Malayalam

'വിദേശത്ത് നിന്ന് വോട്ടു ചെയ്യാം',ചരിത്ര നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ, ഇനിവേണ്ടത് കേന്ദ്രത്തിന്റെ അനുമതി

തപാൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി.

election commission ready to allow postal vote for NRIs
Author
Delhi, First Published Dec 1, 2020, 8:07 AM IST

ദില്ലി: രാജ്യത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ നിർണായക ചുവടുവെപ്പിനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തപാൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. 

ഏറെക്കാലമായി ചർച്ച ചെയ്യുന്ന വിഷയത്തിൽ ഒരു സുപ്രധാന തീരുമാനത്തിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പോകുന്നതെന്നത് ശ്രദ്ധേയമാണ്.  2014 മുതൽ സുപ്രീംകോടതിയിലുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നുണ്ട്. പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനായുള്ള ഒരു ബിൽ നേരത്തെ പാർലമെന്റിൽ വന്നിരുന്നെങ്കിലും ഇത് പിന്നീട് ലാപ്സായി പോകുകയായിരുന്നു. അതിനിടെ 2019 ലെ  പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രവാസി വോട്ട് സാധ്യമായേക്കുമെന്ന സൂചനകളുണ്ടായെങ്കിലും നടന്നില്ല. 

പ്രവാസി വോട്ട് എങ്ങനെ 

ആസം, തമിഴ്നാട്, പശ്മിമബംഗാൾ, കേരളം അടക്കുള്ള നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ട് അനുവദിക്കാമെന്നാണ് കേന്ദ്രനിയമമന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. വോട്ട് രേഖപ്പെടുത്തണമെന്ന നിർദ്ദേശം പ്രവാസികൾ ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനുള്ളിൽ ഇത്തരത്തിൽ അറിയിക്കുന്നവർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.

അതത് മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് ഇലക്ടോണിക് മാർഗത്തിൽ പ്രവാസിക്ക് അയച്ചു നൽകും. അവർക്ക് അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്താം. അതിന് ശേഷം എംബസികളിൽ അറിയിച്ച് ആ രാജ്യത്ത് താമസിക്കുകയാണെന്നും വോട്ട് രേഖപ്പെടുത്തിയത് ആൾ പോസ്റ്റൽ വോട്ടിന് അപേക്ഷിച്ച ആൾ തന്നെയാണെന്നും സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് വാങ്ങണം. ഇതിനായി ഒരു ഉദ്യോഗസ്ഥനെ എംബസിയിൽ നിയോഗിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. എംബസിയിൽ നിന്ന് വാങ്ങിയ അറ്റസ്റ്റഡ് കോപ്പി ഒന്നുകിൽ തപാലിലൂടെയോ അല്ലെങ്കിൽ എംബസിയിൽ സമർപ്പിക്കുകയോ ചെയ്യാമെന്നുമാണ് എന്നാണ് തെരഞ്ഞെടുപ്പ് കന്മീഷൻ വ്യക്തമാക്കുന്നത്. രാജ്യത്തെ ഒരു കോടിയോളം പ്രവാസികളിൽ അറുപത് ലക്ഷത്തോളം പേർക്കെങ്കിലും ഇത്തരത്തിൽ വോട്ട് ചെയ്യാൻ സാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതീക്ഷിക്കുന്നത്. 

Follow Us:
Download App:
  • android
  • ios