കേരളമെന്ന കൊച്ചു സംസ്ഥാനത്തിൽ കഴിഞ്ഞ 90 ദിവസത്തിനിടെ ഇത്തരം പരസ്യങ്ങള്‍ക്ക് ചെലവാക്കിയത് 48,63,434 രൂപയാണ്

തിരുവനന്തപുരം: തെര‍ഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു. ട്രോളുകള്‍ക്കൊക്കെ ഇപ്പോള്‍ വന്‍ ഡിമാന്‍ഡാണ്. പരസ്പരം കളിയാക്കിയും കരുത്ത് കാട്ടിയുമുള്ള ഈ ട്രോള്‍ യുദ്ധത്തിന് കോടികളാണ് ചെലവ്.

രാഹുലും പ്രിയങ്കയും. അൽപ്പം മാറി കോണ്‍ഗ്രസ് എന്ന് എഴുതിയ കാർ. പിന്നെ കാണുന്നത് ആ കാർ കത്തിച്ചാമ്പലാകുന്നതാണ്- ഒറ്റനോട്ടത്തിൽ വെറും ട്രോൾ. പക്ഷേ സംഗതി അത്ര നിസാരമല്ല. ഇതൊരു പൊളിറ്റിക്കൽ പരസ്യ ക്യാംപെയ്നിന്റെ ഭാഗമാണ്. പരസ്യം നൽകിയ പേജ് മീം എക്സ്പ്രസ്.

തെരഞ്ഞെടുപ്പ് കാലത്ത് നമ്മുടെ അഭിപ്രായങ്ങളെ സ്വാധീനിക്കാനായി തയ്യാറാക്കപ്പെട്ട അനേകം പേജുകളിലൊന്ന് മാത്രമാണിത്. ഉൾട്ട ചശ്മ, മീം എക്സ്പ്രസ്, പൊളിറ്റിക്കൽ എക്സ് റേ, തമിളകം, മലബാർ സെൻട്രൽ, പൾസ് കേരളം, ചാവേർപ്പട- രാഷ്ട്രീയ ട്രോളുകളും കാർട്ടൂണുകളും പരിഹാസവുമൊക്കെയായി ഫേസ്ബുക്ക് ഫീഡിൽ ഈ പേജുകളിൽ നിന്നുള്ള പോസ്റ്റുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഉറപ്പായും പൊങ്ങിവന്നിട്ടുണ്ടാവും.

അതങ്ങനെ വെറുതേ പൊങ്ങിവരുന്നതല്ല, പോസ്റ്റിന്റെ റീച്ച് കൂട്ടാൻ മെറ്റയ്ക്ക് പൈസ നൽകി പൊക്കി വരുത്തുന്നതാണ്. കഴിഞ്ഞ 90 ദിവസത്തിനിടെ ബിജെപി മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ പരസ്യം നൽകാനായി ചെലവഴിച്ചത് ആറ് കോടിയിലേറെ (6,04,67,237) രൂപയാണ്. കൂടുതൽ പണം പരസ്യത്തിനായി ചെലവഴിച്ചതും ബിജെപി തന്നെ. രണ്ടാം സ്ഥാനത്ത് 2,06,35,521 രൂപ ചെലവിട്ട ഉൾട്ട ചശ്മ എന്നൊരു പേജാണ്. ഈ ഉൾട്ട ചശ്മയുടെ ഉപപേജുകളാണ് പൊളിറ്റിക്കൽ എക്സ്റേയും മീം എക്സ്പ്രസും സൊനാർ ബംഗ്ലയും തമിളകവും കന്നഡ സംഗവും മലബാർ സെൻട്രലുമൊക്കെ.

കേരളമെന്ന കൊച്ചു സംസ്ഥാനത്തിൽ കഴിഞ്ഞ 90 ദിവസത്തിനിടെ മെറ്റയിൽ പരസ്യത്തിനായി ആകെ ചെലവഴിച്ച തുക 48,63,434 രൂപയാണ്. കേരളത്തിലെ കണക്കിലും ഒന്നാമത് ബിജെപിയാണ്. രണ്ടാം സ്ഥാനത്ത് മലബാർ സെൻട്രലുണ്ട്. നാലാം സ്ഥാനത്തുള്ള ചാവേർപ്പട എന്ന പേജിൽ കോൺഗ്രസ് അനുകൂല പോസ്റ്റുകളാണുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് ഇനി ഇത്തരം പരസ്യങ്ങൾ നന്നായി കൂടും. നിയന്ത്രിക്കുമെന്നും കടിഞ്ഞാണിടുമെന്നും മെറ്റ എല്ലാകാലത്തും പറയുന്നതാണ്. ഇത്തവണയെങ്കിലും വല്ലതും നടക്കുമോയെന്ന് കാത്തിരുന്ന് കാണാം.

YouTube video player