Asianet News MalayalamAsianet News Malayalam

ഔദ്യോഗിക പക്ഷത്തിന്‍റെയും ഗ്രൂപ്പ്23യുടേയും കാര്യമായ  പിന്തുണയില്ല,തരൂരിന്‍റെ പത്രികയില്‍ ആരൊക്കെ ഒപ്പുവക്കും?

കോണ്‍ഗ്രസ് പ്രസിഡന്‍റ്  തെരഞ്ഞെടുപ്പിന് ആദ്യ ദിനം ആരും  പത്രിക സമര്‍പ്പിച്ചില്ല,തരൂര്‍ 5 സെറ്റ് പത്രിക വാങ്ങി

Election of Congress President: No one submitted papers on the first day, Tharoor bought 5 sets of papers
Author
First Published Sep 24, 2022, 5:47 PM IST

ദില്ലി:കോണ്‍ഗ്രസ് അധ്യക്ഷ തെര‍ഞ്ഞെടുപ്പില്‍ മത്സരം വ്യക്തമാക്കി ശശിതരൂര്‍. പ്രതിനിധി മുഖേന എഐസിസിയില്‍ നിന്ന്  തരൂര്‍ നാമനിര്‍ദ്ദേശ പത്രികകള്‍ വാങ്ങി. ആദ്യ ദിനം എഐസിസിയില്‍ ആരും  പത്രിക സമര്‍പ്പിച്ചില്ല.മത്സരത്തെ കുറിച്ച്  മനസ് തുറന്നിട്ടില്ലെങ്കിലും ശശിതരൂര്‍ മുന്‍പോട്ട് തന്നെ. ഓഫീസ് സ്റ്റാഫായ ആലിം ജാവേരിയെ പ്രതിനിധിയായച്ച് അഞ്ച് സെറ്റ് നാമനിര്‍ദ്ദേശ പത്രികകള്‍ തരൂര്‍ വാങ്ങി. മറ്റന്നാള്‍ പത്രിക നല്‍കിയേക്കും. ഔദ്യോഗിക പക്ഷത്തിന്‍റെയും  ഗ്രൂപ്പ് 23ന്‍റെയും  കാര്യമായ പിന്തുണയില്ലെന്ന് വ്യക്തമായതോടെ  തരൂരിന്‍റെ പത്രികയില്‍ ആരൊക്കെ ഒപ്പുവയക്കുമെന്നാണ് അറിയേണ്ടത്.

ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദത്തിന് വഴങ്ങിയ അശോക് ഗലോട്ട് ബുധനാഴ്ച പത്രിക നല്‍കിയേക്കും. ഗ്രൂപ്പ് 23നെ പ്രതിനിധീകരിച്ച് മനീഷ് തിവാരിയും മത്സരരംഗത്തുണ്ടാകും.മുപ്പത് വരെ നാമനിര്‍ദ്ദേശ പത്രിക നല്‍കാം. പത്രിക പിന്‍വലിക്കേണ്ട തീയതിയായ അടുത്ത എട്ടിന് മത്സര ചിത്രം വ്യക്തമാകും. 17ന് തെരഞ്ഞെടുപ്പ്,19ന് പ്രഖ്യാപനം.

അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന് പൈലറ്റ് തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങി. ഇന്നലെയും ഇന്നുമായി എംഎല്‍എമാരെ കണ്ട് സച്ചിന്‍ പിന്തുണ തേടി. സച്ചിന്‍ പൈലറ്റിനൊപ്പം നില്‍ക്കുമ്പോഴും ഗലോട്ടിനെ പിണക്കാതുള്ള പരിഹാരത്തിനാകും ഗാന്ധി കുടംബം ശ്രമിക്കുക. അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം മതി രാജസ്ഥാന്‍ ചര്‍ച്ചകളെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്

ശശി തരൂരിനെ പാർട്ടി വക്താവ് പരസ്യമായി വിമർശിച്ചു, ഉടനടി ഇടപെട്ട് ഹൈക്കമാൻഡ്; 'മോശം പരാമർശങ്ങൾക്ക് വിലക്ക്'

അധ്യക്ഷ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ മോശം പരാമർശങ്ങൾക്ക് കോൺഗ്രസ് വിലക്ക് പ്രഖ്യാപിച്ചു. ശശി തരൂരിനെതിരെ പാർട്ടി വക്താവ് ഗൗരവ് വല്ലഭ് പരസ്യമായി വിമർശനമുന്നയിച്ചതാണ് ഹൈക്കമാൻഡ് ഇടപെടാൻ കാരണം. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കെതിരെ മോശം പരാമർശങ്ങൾ പാടില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിപ്പ് നൽകി. പാർട്ടി വക്താക്കൾക്കും, ഭാരവാഹികൾക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ശശി തരൂരിനെതിരെ പരസ്യമായി രൂക്ഷ വിമർശനമാണ് പാർട്ടി വക്താവ് ഗൗരവ് വല്ലഭ് നടത്തിയത്. പാ‍ർട്ടിക്ക് വേണ്ടി തരൂ‍ർ എന്ത് ചെയ്തിട്ടുണ്ടെന്ന് ചോദിച്ച ഗൗരവ് വല്ലഭ് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതാണ് തരൂരിന്‍റെ കഴി‍ഞ്ഞകാല സംഭാവനയെന്നും, ആശുപത്രി കിടക്കയില്‍ പോലും സോണിയ ഗാന്ധിയോട് മര്യാദ കാട്ടിയില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ഗാന്ധി കുടംബത്തോടത്തു നില്‍ക്കുന്ന നേതാവാണ് ഗൗരവ് വല്ലഭ്.

Follow Us:
Download App:
  • android
  • ios