ബംഗാളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ വന്‍ ജനാവലിയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അത്ഭുതപ്പെടുമ്പോള്‍ രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടരലക്ഷത്തിന് അടുത്തെത്തിയിരിക്കുന്നു.
ദില്ലി: കൊവിഡ് വ്യാപനത്തിനിടെ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. രോഗവ്യാപനം കൂടുതല്‍ തീവ്രമാകുന്നതിനിടെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ പതിനായിരങ്ങളെ അണിനിരത്തി മഹാറാലികൾ സംഘടിപ്പിക്കുന്നത്.
ബംഗാളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ വന്‍ ജനാവലിയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അത്ഭുതപ്പെടുമ്പോള്‍ രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടരലക്ഷത്തിന് അടുത്തെത്തിയിരിക്കുന്നു. രോഗവ്യാപനം ഗുരുതരമായി തുടരുമ്പോള്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും അടക്കമുള്ള ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുടരുന്നതില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
രണ്ട് ലക്ഷത്തി അറുപത്തിയൊന്നായിരം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്ന്, ബംഗാളിലെ പ്രധാന നേതാക്കളെല്ലാം ഒന്നിലധികം തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് റോഡ് ഷോകളിലും രണ്ട് പൊതു റാലികളിലും ഒരു ടൗണ്‍ ഹാള്‍ മീറ്റിങ്ങിലും പങ്കെടുക്കും. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നാല് പൊതു പരിപാടികളില്‍ പങ്കെടുക്കും. ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് മൂന്ന് റോഡ് ഷോകളിലും ഒരു പൊതു പരിപാടിയിലും പങ്കെടുക്കും. ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി നാല് പൊതു പരിപാടികളിലും പങ്കെടുക്കും. ലക്ഷക്കണക്കിന് പേരാണ് ഈ പരിപാടികളില്‍ എല്ലാം പങ്കെടുക്കാനെത്തുന്നത്.
എന്നാൽ അതേ സമയം കൊവിഡ് വ്യാപനം കണക്കിലെടുത്ത് ബംഗാളിലെ എല്ലാ റാലികളും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി റദ്ദാക്കി. കൊവിഡിന്റെ പശ്ചാത്തലത്തിൽ റാലികളുണ്ടാക്കുന്ന പ്രത്യാഘാതം രാഷ്ട്രീയ പാർട്ടി നേതാക്കൾ മനസിലാക്കണമെന്നാണ് രാഹുൽ ഗാന്ധി റാലികൾ റദ്ദാക്കിയ വിവരമറിയിച്ച് ശേഷം പ്രതികരിച്ചത്.
ഏറ്റവും വലിയ പ്രതിദിന വര്‍ധനയായ ഏഴായിരത്തി എഴുനൂറ്റി പതിമൂന്ന് രേഖപ്പെടുത്തിയ ബംഗാളില്‍ കൊവിഡ് പരിശോധന കുറവാണെന്ന വിമര്‍ശനവും ഉണ്ട്. മൂന്ന് ഘട്ട തെരഞ്ഞെടുപ്പുകള്‍ കൂടി ബംഗാളില്‍ ഇനി നടക്കാനുണ്ട്. അതിടിടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താതെ ആരെയും ബംഗാളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് മമത ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
