പശ്ചിമബം​ഗാളിൽ ഇന്ന് കൊട്ടിക്കലാശം. 152 മണ്ഡലങ്ങളിലെ വോട്ടർമാർ മറ്റന്നാൾ പോളിം​ഗ് ബൂത്തിലെത്തും. അക്രമസാധ്യത കണക്കിലെടുത്ത് കനത്ത ജാ​ഗ്രതയിലാണ് സംസ്ഥാനം.

ദില്ലി: പശ്ചിമബം​ഗാളിൽ ഇന്ന് കൊട്ടിക്കലാശം. ഒന്നാം ഘട്ടത്തിൽ 152 മണ്ഡലങ്ങളിലെ വോട്ടർമാർ മറ്റന്നാൾ പോളിം​ഗ് ബൂത്തിലെത്തും. അക്രമസാധ്യത കണക്കിലെടുത്ത് കനത്ത ജാ​ഗ്രതയിലാണ് സംസ്ഥാനം. ​കേന്ദ്ര ഏജൻസികളെയും സേനയെയും ഉപയോ​ഗിച്ച് ബം​ഗാൾ പിടിക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് മമത ബാനർജി പറഞ്ഞു. ​ഗുണ്ടാ ഭരണം നാലാം തീയതി അവസാനിക്കുമെന്ന് അമിത് ഷാ തിരിച്ചടിച്ചു.

ബിജെപിക്ക് മേൽക്കൈയുള്ള വടക്കൻ ബം​ഗാളിലെ 16 ജില്ലകളിലടക്കം 152 മണ്ഡലങ്ങളിലാണ് ഇന്ന് കൊട്ടിക്കലാശം. 3.6 കോടി വോട്ടർമാരാണ് മറ്റന്നാൾ പോളിം​ഗ് ബൂത്തിലെത്തുന്നത്. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മുർഷിദാബാദ്, മാൾഡ, ബർധമാൻ, ബിർഭൂം, നാദിയ ജില്ലകളും ഇതിലുൾപ്പെടും. അക്രമ സാധ്യത കണക്കിലെടുത്ത് 2.4 ലക്ഷം സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാൾ ഒന്നര ഇരട്ടിയോളം അർദ്ധസൈനികരാണ് സംസ്ഥാനത്തുള്ളത്. ഇതുവരെയുണ്ടായ ചെറിയ സംഘർഷങ്ങൾ വൻ അക്രമത്തിലേക്ക് മാറുമോയെന്ന ആശങ്കയുണ്ട്. 2400 കമ്പനി കേന്ദ്രസേനയും കേന്ദ്ര ഏജൻസികളും വിവിധ മുഖ്യമന്ത്രിമാരും ബിജെപിയോടൊപ്പം മമതയെ വേട്ടയാടുകയാണെന്നും മമത ഒറ്റയ്ക്ക് എല്ലാവരോടും പൊരുതുകയാണെന്നും തൃണമൂൽ വ്യാപക പ്രചാരണം തുടങ്ങി. കഴിഞ്ഞ ദിവസം പരിശോധനക്കിടെ സിആർപിഎഫ് ഉദ്യോ​ഗസ്ഥൻ നാട്ടുകാരന്റെ മുഖത്തടിച്ച ദൃശ്യങ്ങളും നേതാക്കൾ വ്യാപകമായി പങ്കുവച്ചു.

കേന്ദ്ര ഏജൻസികളെ ദിവസവും കുറ്റം പറയുന്ന മമത ബാനർജിയെ ബിജെപി വെല്ലുവിളിച്ചു. ഐപാകിനെതിരെ അടക്കം നടക്കുന്ന അന്വേഷണത്തിൽ എന്തുകൊണ്ട് മമത കോടതിയിൽ പോകുന്നില്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷയും എംഎൽഎയുമായ അ​ഗ്നിമിത്രപോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്ന് വടക്കൻ ബം​ഗാൾ കേന്ദ്രീകരിച്ച് അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ റാലികൾ നടത്തി. ​ഗൂർഖകൾ പ്രത്യേക സംസ്ഥാനമോ കേന്ദ്രഭരണമോ വേണമെന്ന ആവശ്യം ശക്തമാക്കുന്ന മേഖലയിൽ ഇനി സമരം ചെയ്യാനിടയില്ലാത്ത വിധം പരിഹാരം കാണുമെന്നും എല്ലാ കേസുകളും പിൻവലിക്കുമെന്നും ഷാ പറഞ്ഞു. വടക്കൻ ബം​ഗാളിലെ പ്രശ്നങ്ങളോട് മുഖം തിരിച്ച മമത മുസ്ലീം വിഭാ​ഗക്കാർക്ക് എല്ലാം നൽകിയെന്നും ഷാ ആരോപിച്ചു. കഴിഞ്ഞ തവണ ബിജെപി നേടിയ 77ൽ 54 സീറ്റും വടക്കൽ ബംഗാളിൽ നിന്നായിരുന്നു. പരമാവധി നേതാക്കളെ ഇറക്കി മേഖലയിലെ വോട്ടുറപ്പിക്കാൻ ബിജെപി അവസാന ദിവസവും തീവ്ര ശ്രമമാണ് നടത്തുന്നത്. അതേസമയം ബം​ഗാൾ വികാരം ഉയർത്തി തന്നെയാണ് തൃണമൂലിന്റെ പ്രചാരണം.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News