Asianet News MalayalamAsianet News Malayalam

ഇലക്ട്രൽ ബോണ്ട് മാറ്റങ്ങളോടെ തിരികെ കൊണ്ടു വന്നേക്കും, കള്ളപ്പണം വരുന്നത് ചെറുക്കുമെന്ന് നിര്‍മല സീതാരാമന്‍

സ്യൂട്ട് കേസുകളിൽ പണവും സ്വർണ്ണവും നല്കിയിരുന്ന കാലത്തേക്ക് തിരിച്ച് പോകാനാവില്ല. ഇലക്ട്രൽ ബോണ്ട് വഴി പണം സ്വീകരിച്ച പാർട്ടികൾ ഇപ്പോൾ ഇതിനെ എതിർക്കുന്നത് അവസരവാദപരം

electoral bond likely to introduced again
Author
First Published Apr 20, 2024, 1:43 PM IST

ദില്ലി:ഇലക്ട്രൽ ബോണ്ട് മാറ്റങ്ങളോടെ തിരികെ കൊണ്ടു വരും എന്ന് സൂചിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. കള്ളപ്പണം തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത് ചെറുക്കുമെന്നും ഇതിനായി കൂടിയാലോചന നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇലക്ട്രൽ ബോണ്ട് പ്രതിപക്ഷം പ്രചാരണ വിഷയമാക്കുമ്പോഴാണ് ധനമന്ത്രി സർക്കാർ നയത്തെ ശക്തമായി ന്യായീകരിക്കുന്നത്. ഇലക്ട്രൽ ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന് വൻ തിരിച്ചടിയായിരുന്നു. അഴിമതി രഹിത സർക്കാരെന്ന നരേന്ദ്ര മോദിയുടെ അവകാശവാദം പൊളിക്കുന്നതായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ.

ജനാധിപത്യത്തിനെതിരാണ് ഈ രഹസ്യ സംഭാവന സംവിധാനം എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും ഇലക്ട്രൽ ബോണ്ട് പ്രചാരണായുധമാക്കുന്നതും സർക്കാരിന് വെല്ലുവിളിയാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബോണ്ട് കള്ളപ്പണത്തിന് എതിരെയുള്ള നടപടി എന്ന അവകാശവാദം ധനമന്ത്രി നിർമ്മല സീതാരാമൻ ആവർത്തിക്കുന്നത്. സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി നല്കുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിന് നല്കിയ അഭിമുഖത്തിൽ ധനമന്ത്രി പറഞ്ഞു. എല്ലാവരോടും ചർച്ച ചെയ്ത് സുതാര്യമായി ചട്ടക്കൂട് ഉണ്ടാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

സുപ്രീം കോടതി എടുത്തു കളഞ്ഞ ഇലക്ട്രൽ ബോണ്ട് സംവിധാനം തെരഞ്ഞെടുപ്പ് ഫണ്ടിംഗിൽ സുതാര്യത ഉറപ്പാക്കാൻ സഹായിച്ചിരുന്നു. ഇത് കള്ളപ്പണം വരുന്നത് തടയാൻ സഹായിച്ചു. എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ ഇത് പരിഷ്ക്കരിക്കുമെന്നും കള്ളപ്പണം പഴയ രീതിയിൽ ഈ രംഗത്ത് ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. സ്യൂട്ട് കേസുകളിൽ പണവും സ്വർണ്ണവും നല്കിയിരുന്ന കാലത്തേക്ക് തിരിച്ച് പോകാനാവില്ല. എന്നാൽ ഇലക്ട്രൽ ബോണ്ട് വഴി പണം സ്വീകരിച്ച പാർട്ടികൾ ഇപ്പോൾ ഇതിനെ എതിർക്കുന്നത് അവസരവാദപരമാണെന്നും നിർമ്മല സീതാരാമൻ കുറ്റപ്പെടുത്തി.

Follow Us:
Download App:
  • android
  • ios