വൈകിട്ട് അഞ്ചരയോടെയാണ് ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. വിവരങ്ങള്‍ ഇന്ന് നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി എസ്ബിഐയ്ക്ക് അന്ത്യശാസനം നല്‍കിയിരുന്നു.

ദില്ലി: ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ തെരഞ്ഞടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പതിനഞ്ചിന് വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതിനിടെ കോടതി വിധി നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് രാഷ്ട്രപതിക്ക് കത്തയച്ചു.

വൈകിട്ട് അഞ്ചരയോടെയാണ് ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. വിവരങ്ങള്‍ ഇന്ന് നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി എസ്ബിഐയ്ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. വിവരങ്ങള്‍ നല്‍കാൻ ജൂണ്‍ 30 വരെയെങ്കിലും സമയം അനുവദിക്കണമെന്ന എസ്ബിഐ ആവശ്യം തള്ളിയായിരുന്നു കോടതി നിർദേശം. എസ്ബിഐ വിവരങ്ങള്‍ കൈമാറിയതായി പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷനും സ്ഥിരീകരിച്ചു. 

പതിനഞ്ചിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് കോടതി ഉത്തരവ്. എന്നാല്‍ എസ്ബിഐ നല്‍കിയ വിവരങ്ങള്‍ ക്രോഡീകരിച്ച് പതിനഞ്ചിന് ഉള്ളില്‍ പ്രസീദ്ധീകരിക്കുന്നത് കമ്മീഷന് വെല്ലുവിളിയാകുമെന്നാണ് സൂചന. ഇതിനിടെ കോടതി ഉത്തരവ് തടയണമെന്ന് അസാധാരണ ആവശ്യം സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് ഉന്നയിച്ചു. ഇലക്ട്രല്‍ ബോണ്ട് വിധി നടപ്പാക്കുന്നത് തടയാൻ ഇടപെടണമെന്ന് രാഷ്രട്രപതിക്ക് കത്തയച്ച് ബാർ അസോസിയേഷൻ പ്രസിഡന്‍റ് ആദിഷ് അഗർവാള്‍ കത്തയച്ചത് ആവശ്യപ്പെട്ടത്. വിഷയം രാഷ്ട്രപതി പരിഗണിക്കണമെന്നും തീരുമാനമെടുക്കന്നത് വരെ വിധി നടപ്പാക്കുന്നത് തടയണമെന്നുമാണ് കത്തിലെ ആവശ്യം.