47.5% ഇലക്ടൽ ബോണ്ടുകളും സ്വന്തമാക്കിയത് ബിജെപിയാണ്. 6060 കോടി രൂപയാണ് ബിജെപിക്ക് 2019 മുതൽ 2024 വരെ സംഭാവനയായി കിട്ടിയത്.

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ ചർച്ചയാകുന്നു. സംഭാവന വിവാദം സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം. 47.5% ഇലക്ടൽ ബോണ്ടുകളും സ്വന്തമാക്കിയത് ബിജെപിയാണ്. 6060 കോടി രൂപയാണ് ബിജെപിക്ക് 2019 മുതൽ 2024 വരെ സംഭാവനയായി കിട്ടിയത്. അന്വേഷണം നേരിടുന്ന കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയതിലും വിവാദം കൊഴുക്കുന്നുണ്ട്. 

കൂടുതൽ ബോണ്ടുവാങ്ങിയ ആദ്യ അഞ്ച് കമ്പനികളിൽ മൂന്ന് കമ്പനികളും ബോണ്ട് വാങ്ങിയത് നടപടി നേരിടുമ്പോഴാണ്. ഇവർക്കെതിരെ ഇഡി, ആദായനികുതി വകുപ്പ് അന്വേഷണം ഉണ്ടായിരുന്നു. സാൻ്റിയാഗോ മാർട്ടിൻ്റെ ഫ്യൂച്ചർ ഗെയിമിങ് ആൻ്റ് ഹോട്ടൽസ് 1368 കോടിയാണ് ബോണ്ട് ഉപയോഗിച്ച് സംഭാവന നൽകിയത്. ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് - 1368 കോടി, മേഘ എഞ്ചിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് - 966 കോടി, ക്യുക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് - 410 കോടി, ഹാദിയ എനർജി ലിമിറ്റഡ് - 377 കോടി, വേദാന്ത ലിമിറ്റഡ് - 376 കോടി, എസ്സൽ മൈനിങ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് - 225 കോടി, വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ - 220 കോടി, ഭാരതി എയർടെൽ- 198 കോടി, കെവൻ്റർ ഫുഡ് പാർക്ക് ഇൻഫ്രാ - 195 കോടി, എം കെ ജെ എൻറർപ്രൈസസ് ലിമിറ്റഡ്- 192 കോടി എന്നിങ്ങനെയാണ് പുറത്ത് വരുന്ന കണക്കുകള്‍. 

ആകെ സംഭാവനയിൽ പകുതിയോളം കിട്ടിയത് ബിജെപിക്കാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് മാത്രം ബിജെപിക്ക് കിട്ടിയത് 1700 കോടി രൂപയാണ്. ഈ വർഷം ജനുവരിയിൽ മാത്രം 202 കോടി രൂപ ലഭിച്ചു. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് ബോണ്ട് വിവരങ്ങൾ കൈമാറിയത്.

ഇലക്ട്രല്‍ ബോണ്ടിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവന 

ബിജെപി - 6,060 .51 കോടി

ടി എം സി - 1609.53 കോടി

കോൺഗ്രസ് - 1421.87 കോടി

ബിആർഎസ് - 1214.71 കോടി

ബി ജെഡി - 775.50 കോടി

അതേസമയം, ഇലക്ട്രൽ ബോണ്ട് കേസിലെ വിധിയിൽ പരിഷ്ക്കരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ നൽകിയ അപേക്ഷ ഇന്ന് ഭരണഘടന ബെഞ്ച് പരിഗണിക്കും. കമ്മീഷൻ സീൽഡ് കവറിൽ നൽകിയ വിവരങ്ങൾ തിരികെ വേണം എന്നാണാവശ്യം. ഈ രേഖകളുടെ പകർപ്പ് കൈവശം ഇല്ലെന്നും അതിനാൽ അവ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തിരികെ വേണമെന്നുമാണ് ഹർജിയിൽ പറയുന്നത്. ബോണ്ടുമായി ബന്ധപ്പെട്ട് 106 സീൽഡ് കവറുകളാണ് കമ്മിഷൻ കോടതിയിൽ നൽകിയിരുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തു വരാതെയിരിക്കാനുള്ള നീക്കമെന്ന് പ്രശാന്ത് ഭൂഷൺ വിമർശിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്