ദില്ലി: ആരോഗ്യ സേതു ആപ്പിലെ വിവരങ്ങൾ സുരക്ഷിതമല്ലെന്ന ആരോപണത്തിന് പിന്നാലെ കൂടുതൽ അവകാശവാദങ്ങളുമായി ഫ്രഞ്ച് ഹാക്കർ എലിയട്ട് ആൾഡേഴ്സൺ. ആപ്പിലെ സുരക്ഷാ പാളിച്ച മുതലെടുത്ത് കണ്ട് ഏത് പ്രദേശത്തെ രോ​ഗബാധിതരുടെ വിവരങ്ങൾ കൈക്കലാക്കാൻ കഴിയുമെന്ന് ആൾഡേഴ്സൺ ട്വിറ്ററിൽ അവകാശവാദം ഉന്നയിച്ചു.

 

ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസിലെ 5 പേ‍ർക്ക് രോ​ഗലക്ഷണങ്ങൾ അനുഭവപ്പെട്ടു, സൈനികാസ്ഥാനത്തെ രണ്ട് പേ‍‍ർക്കും ശാരീരിക അസ്വസ്ഥതയുണ്ടായി. പാ‍‌ർലമെന്റിൽ ഒരു ജീവനക്കാരനും ആഭ്യന്തര മന്ത്രാലയത്തിൽ മൂന്ന് പേ‍ർക്കും രോ​ഗബാധയുണ്ടായി എന്നിങ്ങനെയാണ് ആൾഡേഴ്സന്റെ അവകാശവാദം. ഇത്രയും തെളിവുകൾ മതിയോ അതോ ഇനിയും തുടരണോ എന്നാൾ എലിയറ്റിന്റെ വെല്ലുവിളി.

ആരോ​ഗ്യ സേതു ആപ്പിലെ സുരക്ഷാ പാളിച്ചകളെ കുറിച്ച് വിശദമായ ലേഖനം ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് ആൾഡേഴ്സൻ്റെ ഒടുവിലത്തെ ട്വീറ്റ്.

ചൊവ്വാഴ്ച വൈകിട്ടത്തെ എലിയട്ടിന്റെ ട്വീറ്റ് മുതലാണ് നിലവിലെ പ്രശ്നങ്ങളുടെ തുടക്കം. ആരോഗ്യ സേതുവില്‍ ഒരു സുരക്ഷ പ്രശ്നം കണ്ടെത്തിയിട്ടുണ്ട്. 90 ദശലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യത പ്രതിസന്ധിയിലാണ്, എന്നെ സ്വകാര്യമായി ബന്ധപ്പെടുക. രാഹുല്‍ ഗാന്ധി പറഞ്ഞത് സത്യമാണ് ഇതായിരുന്നു ആദ്യ ട്വീറ്റ്

ആരോഗ്യ സേതു ഡാറ്റ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും. അനുമതിയില്ലാതെ പൗരന്മാരെ നിരീക്ഷിക്കുന്ന സംവിധാനമാണിതെന്നുമാണ് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തിരുന്നത്. ഇതിനെതിരെ ബിജെപി തന്നെ രംഗത്ത് എത്തിയിരുന്നു. ഒരോ ദിവസവും ഒരോ നുണ എന്നാണ് ഇത് സംബന്ധിച്ച് ബിജെപി പ്രതികരിച്ചത്.

 ട്വീറ്റിന് പിന്നാലെ  നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററും, കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് സംഘവും ആൾഡേഴ്സണുമായി ബന്ധപ്പെട്ടു. ഇതിന് പിന്നാലെ ഔദ്യോ​ഗിക വിശദീകരണവും എത്തി. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ആരോഗ്യസേതു ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെയും വ്യക്തിഗത വിവരങ്ങള്‍ അപകടത്തിലായിട്ടില്ലെന്നുമായിരുന്നു ഔദ്യോ​ഗിക വിശദീകരണം. ആപ്ലിക്കേഷൻ തുടര്‍ച്ചയായി പരിഷ്കരിക്കുകയും, പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്നും. ഇതുവരെ ഒരു വിവര ചോര്‍ച്ചയും നടന്നിട്ടില്ലെന്നും ആരോ​ഗ്യ സേതു ടീം അവകാശപ്പെട്ടു.

ഇതിന് പിന്നാലെയാണ് ആൾഡേഴ്സൺ കൂടുതൽ തെളിവുകളും ആരോപണങ്ങളുമായി രം​ഗത്തെത്തിയത്.